തിരുവനന്തപുരം: ആദ്യ പിണറായി സര്‍ക്കാറിന്‍റെ ഭരണകാലത്ത് ആരംഭിച്ച പല ക്ഷേമ പദ്ധതികളും രണ്ടാം പിണറായി സര്‍ക്കാറിന്‍റെ കാലത്ത് ഉപേക്ഷിക്കപ്പെട്ടെന്ന ആരോപണവുമായി മുന്‍ കോഡിനേറ്റര്‍ ചെറിയാൻ ഫിലിപ്പ് രംഗത്ത്. ആദ്യ പിണറായി സര്‍ക്കാറിന്‍റെ കാലത്ത് ആരംഭിച്ച നവകേരളം മിഷനുകളായ ലൈഫ്, ആർദ്രം, വിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം, റീബിൽഡ് കേരള തുടങ്ങിയ പദ്ധതികള്‍ക്കെല്ലാം പുതിയ സര്‍ക്കാറിന്‍റെ കാലത്ത് തളര്‍വാതം പിടിപെട്ടിരിക്കുകയാണെന്ന് മിഷനുകളുടെ കോർഡിനേറ്റർ ആയിരുന്ന ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.
പ്രളയകാലത്ത് റീബിൽഡ് കേരളയുടെ പേരിൽ കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ സമാഹരിച്ചെങ്കിലും ആ തുക സർക്കാർ വക മാറ്റി ചെലവാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. മിഷനുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് മിഷൻ ചെയർമാനായ മുഖ്യമന്ത്രിയോ വൈസ് ചെയർമാന്മാരായ വകുപ്പ് മന്ത്രിമാരോ പഴയതു പോലെ വേണ്ടത്ര ശുഷ്കാന്തി കാട്ടുന്നില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
ലൈഫ് പദ്ധതി പ്രകാരം ഗുണഭോക്താക്കളായ നാലര ലക്ഷത്തിലധികം കുടുബങ്ങളുടെ പട്ടിക ആദ്യ പിണറായി സര്‍ക്കാറിന്‍റെ കാലത്ത് പ്രസിദ്ധീകരിച്ചെങ്കിലും ഇതുവരെയായും ആർക്കും ആദ്യ ഗഡു പോലും നല്‍കിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു.
ഹരിത കേരള മിഷൻ പ്രകാരമുള്ള ഉറവിട മാലിന്യ സംസ്ക്കരണം ഫലപ്രദമായി നടപ്പാക്കാക്കുന്നതിൽ ഭൂരിപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പൂർണ്ണമായും പരാജയപ്പെട്ടു. മിക്കയിടത്തും പൊതുവഴികളികളിലേക്കും തോടുകളിലേക്കുമാണ് ഇപ്പോള്‍ മാലിന്യങ്ങൾ വലിച്ചെറിയപ്പെടുന്നത്. പ്ലാസ്റ്റിക്ക് നിരോധനം സര്‍ക്കാര്‍ ഉപേക്ഷിച്ച മട്ടാണ്. ഒരു നഗരത്തിലും മാലിന്യ സംസ്ക്കരണ പ്ലാന്‍റ് തുടങ്ങാനും സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments