തിരുവനന്തപുരം: പിസി ജോർജിന്റെ പീഡന ശേഷം തനിക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായും മൂന്നു വർഷമായി ചികിത്സയിൽ ആയിരുന്നെന്നും പരാതിക്കാരി. മൂന്ന് വർഷമായി കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ നടത്തിവരികയാണ്. ഇപ്പോഴും അത് നടക്കുന്നുണ്ട്. പെട്ടെന്ന് ഷോക്ക് ഉണ്ടായാൽ ഇമ്യൂണിറ്റി ഹൈപ്പർ ആക്ടീവ് ആകും. 10-2-2022 നാണ് ഈ സംഭവം നടക്കുന്നത്. അതിന് ശേഷം ഇടത്തേ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. തുടർന്ന് ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കെ ടി ജലീൽ കൊടുത്ത കേസിൽ തന്റെ മൊഴിയെടുത്തപ്പോൾ തനിക്ക് പോലീസിന് മുന്നിൽ ഫോണും ഹാജരാക്കേണ്ടി വന്നു. അപ്പോഴാണ് പിസി ജോർജിനെതിരെ പരാതി നൽകിയത്. റൂം നമ്പർ 404 ൽ എന്താണ് നടന്നത് എന്ന് അന്നാണ് പരാതി നൽകിയത്. പീഡനം നടന്നതിന് ശേഷം ഇക്കാര്യം തന്റെ ബന്ധുവിനെ അറിയിച്ചിരുന്നെന്നും പരാതിക്കാരി പറഞ്ഞു. മെയ് 1 ന് പിസി ജോർജ് തന്നെ ഇതിലേക്ക് വീണ്ടും വലിച്ചിട്ടു.
തുടർന്ന് സ്വപ്‌ന 164 കൊടുക്കുകയും തന്റെ ഫോൺ സംഭാഷണവും പുറത്തുവന്നു. അതേസമയം പിസി ജോര്ജിന്റേതെന്ന് പറഞ്ഞുള്ള ഒരു ശബ്ദരേഖ ചില ഓൺലൈൻ മീഡിയകൾ പുറത്തുവിട്ടു. ഇതിൽ അശ്‌ളീല സംഭാഷണം നടക്കുന്നതായി കാണാം. ഇതിനു ശേഷം പിസി തന്നെ കടന്നു പിടിച്ചു ബലമായി ചുംബിച്ചതായും തന്റെ ചുണ്ട് പൊട്ടിയതായും ഇവർ പറയുന്നു.
പിസി ജോർജിനെതിരെ തെളിവുകൾ ഉണ്ടെന്നും കേസുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി പറഞ്ഞു. തന്നെപ്പറ്റി ഇനി അപവാദം പറയണമെങ്കിൽ അത് തന്റെ സാന്നിദ്ധ്യത്തിലായിരിക്കണമെന്നും അപ്പോൾ തന്നെ അതിന് മറുപടി നൽകുമെന്നും സോളാർ കേസ് പ്രതി പറഞ്ഞു. പിസി ജോർജുമായി എട്ട് വർഷത്തെ ബന്ധമുണ്ട്. അദ്ദേഹം നല്ലൊരു മെന്ററായിരുന്നു. എന്നാൽ ആ മെന്റർഷിപ്പിന് കോട്ടം തട്ടി. പിസി ജോർജ് തന്നെ തീവ്രവാദക്കേസിന് തുല്യമായ കേസിലേക്ക് വലിച്ചിഴയ്‌ക്കാൻ ശ്രമിച്ചു. അതിന് പിന്നിലെ രാഷ്‌ട്രീയ ഗൂഢാലോചന എന്താണെന്ന് മനസിലാകുന്നുണ്ട്.
പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവർ പറയുന്നു. മാന്യത തീരെ ഇല്ലാത്ത സ്ത്രീയെന്ന് പല ഉന്നതരും തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. താൻ കൊടുത്ത പല പരാതികളും തെളിവുകൾ ഉണ്ടായിട്ട് പോലും ആരെയോ സംരക്ഷിക്കാൻ വേണ്ടി ഉന്നതർ മറച്ചുവെയ്‌ക്കുന്നു. തന്റെ കൈയ്യിൽ ആരെയും വെടിവെയ്‌ക്കാൻ തോക്കൊന്നും ഇല്ലെന്നും അങ്ങനെയാണെങ്കിൽ തന്നെ മോശക്കാരിയാക്കുന്ന ഓരോരുത്തരെയും താൻ എന്തെല്ലാം ചെയ്യണമെന്ന് പരാതിക്കാരി ചോദിച്ചു.
Post Your Comments