മാഞ്ചസ്റ്റർ: ഡെര്‍ബിഷെയറിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ഡെര്‍ബിഷെയറിനെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡെര്‍ബിഷെയര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ദീപക് ഹൂഡ (59), സഞ്ജു സാംസണ്‍ (38), സൂര്യകുമാര്‍ യാദവ് (36*) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്.
ഹര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ദിനേശ് കാര്‍ത്തിക്കായിരുന്നു ടീം ഇന്ത്യയെ നയിച്ചത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണർ റിതുരാജ് ഗെയ്കവാദ് (3) ആദ്യ ഓവറില്‍ തന്നെ മടങ്ങി. പിന്നീട് സഞ്ജു- ഹൂഡ സഖ്യത്തിന്റെ ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് തുണയായത്. ഇരുവരും 51 റണ്‍സ് സ്കോർ ബോർഡിൽ കൂട്ടിചേര്‍ത്തു. 30 പന്തില്‍ നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.
എട്ടാം ഓവറില്‍ സഞ്ജു കൂടാരം കയറി. തുടര്‍ന്ന്, സൂര്യകുമാറിനെ കൂട്ടുപിടിച്ച് ഹൂഡ സ്കോർ ബോർഡ് വേഗത്തിൽ ചലിപ്പിച്ചു. ഇന്ത്യ വിജയത്തിനരികെ നിൽക്കെ ഹൂഡയുടെ വിക്കറ്റ് വീണെങ്കിലും ദിനേശ് കാര്‍ത്തികും (7*) സൂര്യുകുമാറും ജയം പൂര്‍ത്തിയാക്കി. 37 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഹൂഡയുടെ ഇന്നിംഗ്സ്.
Read Also:- ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതോ?
ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗും ഉമ്രാന്‍ മാലിക്കും രണ്ട് വിക്കറ്റും അക്‌സര്‍ പട്ടേല്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 28 റണ്‍സ് നേടിയ വെയ്ന്‍ മാഡ്‌സെനാണ് ഡെര്‍ബിഷെയറിന്റെ ടോപ് സ്‌കോറര്‍. കാറ്റ്‌റൈറ്റ് (27), ബ്രൂക്ക് ഗസ്റ്റ് (23), അലക്‌സ് ഹ്യൂഗ്‌സ് (24), മാറ്റി മക്കീര്‍നന്‍ (16*) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു.
Post Your Comments