ജയ്‌പൂർ: രാജസ്ഥാനിലെ തയ്യൽ തൊഴിലാളിയായ കനയ്യ ലാലിനെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതികൾക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ട് തള്ളി ബി.ജെ.പി. കനയ്യ ലാലിന്റെ ദാരുണമായ കൊലപാതകത്തിൽ കൊലയാളികളിലൊരാളുമായി ബന്ധമില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. പ്രതികളിൽ ആരുമായും ബി.ജെ.പിക്ക് ബന്ധമില്ലെന്ന് ബി.ജെ.പിയുടെ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗം തലവൻ സാദിഖ് ഖാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉദയ്പൂരിൽ തയ്യൽക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാൾ ബി.ജെ.പിക്കാരനാണെന്ന് ആരോപിച്ച കോൺഗ്രസ്, കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാൻ കേന്ദ്രസർക്കാർ വേഗത്തിൽ നീക്കം നടത്തിയോ എന്നും ചോദിച്ചിരുന്നു. ഉദയ്പൂർ സംഭവവുമായി ബന്ധപ്പെട്ട് ഒരു മാധ്യമ ഗ്രൂപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ബി.ജെ.പിക്കെതിരെ ആരോപണമുന്നയിച്ചത്. കനയ്യ ലാലിന്റെ കൊലയാളി റിയാസ് അട്ടാരി ബി.ജെ.പി അംഗമാണ് എന്ന തരത്തിൽ നിരവധി കോൺഗ്രസ് നേതാക്കളും അണികളും പ്രചാരണം ആരംഭിച്ചിരുന്നു.
കോൺഗ്രസിന്റെ അവകാശവാദങ്ങൾ ബി.ജെ.പിയുടെ ഐ.ടി സെൽ മേധാവി അമിത് മാളവ്യ തള്ളി. വ്യാജ വാർത്തയാണെന്ന് അദ്ദേഹം പറഞ്ഞു. ‘നിങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽ എനിക്ക് അത്ഭുതമില്ല. ഉദയ്പൂർ കൊലപാതകികൾ ബി.ജെ.പിയിലെ അംഗങ്ങളല്ല. നുഴഞ്ഞുകയറാനുള്ള അവരുടെ ശ്രമം രാജീവ് ഗാന്ധിയെ കൊല്ലാൻ എൽ.ടി.ടി.ഇയുടെ കൊലയാളി കോൺഗ്രസിലേക്ക് കടക്കാൻ ശ്രമിച്ചത് പോലെയായിരുന്നു’, അദ്ദേഹം ട്വീറ്റ് ചെയ്തു.
Also Read:‘ഒറ്റയ്ക്ക് ബാത്‌റൂമില്‍ പോകരുത്, രണ്ടുപേരുടെ കൂടെ ഒരുമിച്ചേ നടക്കാവൂ’: ദിൽഷയ്ക്ക് ഉപദേശം നൽകി റോബിൻ
പാകിസ്ഥാൻ ബന്ധമുള്ള ഇവർ, ബി.ജെ.പിക്കുള്ളിൽ കയറിപ്പറ്റാൻ ശ്രമം നടത്തിയിരുന്നു. ഇതിനായി രാജസ്ഥാനിലെ പ്രാദേശിക ന്യൂനപക്ഷ മോർച്ച സെല്ലിലെ പ്രവർത്തകരുമായി ബന്ധം പുലർത്തുകയും, പരിപാടികളിൽ പങ്കെടുക്കാൻ ശ്രമം നടത്തുകയും ചെയ്തു. ചില വലിയ മീറ്റിങ്ങുകളിൽ ക്ഷണിക്കാതെ തന്നെ ഇവർ വരുമായിരുന്നെന്നും എന്നാൽ നിരന്തരം ബി.ജെ.പിക്കെതിരെ പ്രതികരിക്കുമായിരുന്നെന്നും ന്യൂനപക്ഷ സെൽ പ്രവർത്തകനെന്ന് അവകാശപ്പെടുന്ന ആൾ ഇന്ത്യ ടുഡേയോട് പറഞ്ഞതായി അവർ വെളിപ്പെടുത്തുന്നു. പ്രതികളിലൊരാളായ റിയാസ് അട്ടാരി തന്റെ വിശ്വസ്തര്‍ മുഖേന പാര്‍ട്ടി പരിപാടികളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. 2019 ല്‍ ഉംറക്ക് പോയി മടങ്ങിയെത്തിയ അദ്ദേഹത്തെ രാജസ്ഥാന്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച അംഗം ഇര്‍ഷാദ് ചെയിന്‍വാല സ്വാഗതം ചെയ്യുന്ന ചിത്രം ചാനൽ പുറത്തു വിട്ടിരുന്നു.
എന്നാൽ, ഹജ്ജിനു പോയി മടങ്ങി വന്നവർക്കു ആദരവ് നൽകിയ ചിത്രം ആണ് അതെന്നു ഇര്‍ഷാദ് ചെയിന്‍വാല പറഞ്ഞു. പ്രാദേശിക ബി.ജെ.പി നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ് ചെയിന്‍വാല എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ‘റിയാസ് പലപ്പോഴും ആ പരിപാടികളില്‍ ക്ഷണിക്കാതെ വരുമായിരുന്നു. പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍, സുഹൃത്തുക്കളുമായുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ അദ്ദേഹം ബി.ജെ.പിയെ ശക്തമായി എതിര്‍ക്കുമായിരുന്നു.’ ഇര്‍ഷാദ് ചെയിന്‍വാല പറഞ്ഞു.
അതേസമയം, പാകിസ്ഥാൻ തീവ്രവാദ സംഘവുമായി ബന്ധമുള്ളവർ പല പ്രമുഖ പാർട്ടികളിലും സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കാൻ ശ്രമം നടത്തിയത് മുൻപ് മാധ്യമങ്ങളിൽ വാർത്തകൾ ഉണ്ടായിരുന്നു.
Post Your Comments