തിരുവനന്തപുരം: എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. എകെജി സെന്റർ ആക്രമിക്കും എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട അണ്ടൂർക്കോണം സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. എകെജി സെന്ററിന് നേരെ കല്ലെറിഞ്ഞ് ഒരു ജനൽച്ചില്ലെങ്കിലും പൊട്ടിക്കും എന്നായിരുന്നു ഇയാൾ അഞ്ച് ദിവസം മുമ്പ് ഫേസ്ബുക്കിൽ കുറിച്ചത്. അത് താൻ ചെയ്യുന്നത് ഒറ്റയ്ക്കായിരിക്കുമെന്നും പോസ്റ്റിൽ കുറിച്ചിരുന്നു. എന്നാൽ, അത് താൻ മദ്യലഹരിയിൽ എഴുതിയതാണെന്നാണ് ഇയാളുടെ നിലപാട്.
എട്ട് പൊലീസുകാർ എകെജി സെൻററിന് മുന്നിൽ സുരക്ഷാ ജോലി നോക്കുമ്പോഴാണ് സ്കൂട്ടിലെത്തിയ അക്രമി രാത്രി സ്ഫോടക വസ്തു വലിച്ചറിഞ്ഞ് രക്ഷപ്പെട്ടത്. എകെജി സെൻററിനുള്ളിലിരുന്നവർ പോലും ഉഗ്ര സ്ഫോടക ശബ്ദം കേട്ടതായി പറയുന്നു. പക്ഷെ എകെജി സെൻററിന് മുന്നിലും, എതിരെ സിപിഎം നേതാക്കൾ താമസിക്കുന്ന ഫ്ലാറ്റിന് മുന്നിലും നിലയുറപ്പിച്ചിരുന്ന പൊലീസുകാർ അക്രമിയെ കണ്ടില്ല.
എകെജി ഹാളിലേക്ക് പോകുന്ന ഗേറ്റിൽ പൊലീസുകാരെ വിന്യസിച്ചിരുന്നില്ല. ഇവിടെയാണ് അക്രമം നടന്നത്. ആക്രമണം സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടം വരുത്താനെന്നാണ് എഫ്ഐആറിലുള്ളത്. സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
Post Your Comments