
കേരളത്തിലെ മധ്യവർഗം യാത്ര ചെയ്യാൻ ഏറ്റവുമധികം ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. പണക്കുറവും, സുരക്ഷയും, ടോയ്ലറ്റുകളുടെ ലഭ്യതയുമാണ് അതിനു കാരണം. അദ്ധ്യാപകരും, വിദ്യാർത്ഥികളും മറ്റു പലവിധ ജോലിക്കാരും സ്ഥിരമായി യാത്രകൾ നടത്തുന്നത് ട്രെയിൻ വഴിയാണ്. ബസ്സുകളിലെ തിക്കും തിരക്കും പിടിച്ച അന്തരീക്ഷത്തിൽ നിന്ന് മാറി പകൽ മുഴുവൻ ചെയ്തു തീർത്ത ജോലികളുടെ ഭാരം ഇറക്കി വെയ്ക്കാൻ ഇവർക്കുള്ള ഏക ഇടമാണ് ഇന്ത്യൻ റെയിൽവേ. എന്നാൽ കുറച്ചധികം കാലങ്ങളായി ട്രെയിൻ യാത്രകൾ എന്ന് പറയുമ്പോഴേ പലർക്കും ഭീതിപ്പെടുത്തുന്ന ഓർമ്മകൾ മാത്രമാണ് പങ്കുവയ്ക്കാനുള്ളത്. പ്രത്യേകിച്ചും സ്ത്രീകൾക്കാണ് ട്രെയിൻ യാത്രകൾ തീരെ സുരക്ഷിതമല്ലാത്ത ഒന്നായി അനുഭവപ്പെടാറുള്ളത്. ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാം എന്ന ഭീതിയോടെയാണ് ഓരോ സ്ത്രീകളും തനിച്ചുള്ള ട്രെയിൻ യാത്രകൾ നടത്തുന്നത്.
Also Read:കനയ്യ ലാലിന്റെ കൊലപാതകത്തിൽ ഉരിയാടാതെ സാംസ്കാരിക നായകർ: അപകടകരമായ മൗനമെന്ന് വിമർശനം
ട്രെയിനിൽവച്ച് സ്ത്രീകൾ ആക്രമിക്കപ്പെടുന്നതും, പുരുഷന്മാർ കൂടെ ഉണ്ടായിട്ടുപോലും അതിക്രമങ്ങൾക്കിരയാകുന്നതും സമീപകാലങ്ങളിൽ നമ്മൾ കണ്ട സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. ലേഡീസ് കമ്പാർട്ട്മെന്റിൽ പോലും മദ്യപിച്ച് ബോധം നഷ്ടപ്പെട്ട പുരുഷന്മാർ കടന്ന് കൂടി യാത്രക്കാരെ അപായപ്പെടുത്തുന്ന സംഭവങ്ങൾ വരെ ഈയടുത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടുന്ന സ്വന്തം ജനങ്ങളുടെ സുരക്ഷപോലും കൃത്യമായി നിർവഹിക്കാൻ കഴിയാത്ത അധികാരികളും അധികൃതരുമാണ് ഈ ദുരിതങ്ങളുടെയെല്ലാം തുടക്കക്കാർ. ഒരു സമൂഹമാകുമ്പോൾ അവിടെ നല്ല മനുഷ്യരും കെട്ട മനുഷ്യരും ഉണ്ടായിരിക്കും. അതിനെ ഒരിക്കലും നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല. എന്നാൽ, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലേക്കും ശരീരത്തിലേക്കും കടന്നുകയറുന്ന മനുഷ്യരെ തടഞ്ഞു നിർത്താൻ നമ്മുടെ ഭരണ സംവിധാനങ്ങൾക്ക് കഴിയും. അത് കൃത്യമായി ഒരാൾപോലും നിറവേറ്റുന്നില്ല എന്നുള്ളതാണ് വാസ്തവം.
ഇന്നും പുരുഷകേന്ദ്രീകൃതമായി തുടരുന്ന ഈ സമൂഹത്തിൽ ഒരു സ്ത്രീ അതിക്രമത്തിന് ഇരയാക്കപ്പെട്ടു എന്നുപറയുമ്പോൾ അതിൽ വലിയ അത്ഭുതമൊന്നും തോന്നാനില്ല. എങ്കിലും വാങ്ങുന്ന ശമ്പളത്തിനോടെങ്കിലും കൂറ് പുലർത്താൻ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടതുണ്ട്. സൗമ്യ എന്ന പെൺകുട്ടി അതിദാരുണമായി ഒരു ട്രെയിൻ യാത്രയിൽ വെച്ച് കൊല്ലപ്പെട്ടപ്പോൾ അന്ന് സർക്കാറുകൾ സ്വീകരിച്ച പല നിലപാടുകളും പദ്ധതികളും ഊതി വീർപ്പിച്ച ലെയ്സ് പാക്കറ്റുകൾ മാത്രമായിട്ടാണ് ഇന്നും തുടരുന്നത്. ഒരു പെൺകുട്ടിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പോലുമുള്ള സ്വാതന്ത്ര്യം കേരളത്തിൽ ഇല്ല എന്നുള്ളത് ചർച്ച ചെയ്യേണ്ട വിഷയമാണ്. ഒരു കൃത്യം നടക്കുമ്പോൾ മാത്രം നീതിയുടെ ബോധം ഉണരുന്ന പോലീസുകാരും ജനപ്രതിനിധികളും സഹയാത്രികരും എന്തുകൊണ്ട് അത്തരത്തിലൊരു കൃത്യം നടക്കാതിരിക്കാൻ ശ്രമിക്കുന്നില്ല.
ഒരു പെൺകുട്ടി ഒറ്റയ്ക്കായാൽ അതിനി എവിടെയാണെങ്കിലും ട്രെയിനാകട്ടെ, ബസ്സാകട്ടെ, വീടാകട്ടെ കേരളത്തിൽ ഒരിടത്തും അവൾ സുരക്ഷിതയല്ല എന്നുവേണം പറയാൻ. എന്തുകൊണ്ട് അനായാസമായി ലേഡീസ് കമ്പാർട്ട്മെന്റ് കളിലേക്ക് പുരുഷന്മാർക്ക് കടന്നുകയറാൻ കഴിയുന്നു? ഉത്തരവാദിത്വമില്ലാത്ത റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് ഇതിന് പ്രധാന കാരണം. ജോലി ചെയ്യേണ്ട സമയത്ത് ജോലി ചെയ്യാതെ, അനാവശ്യ കാര്യങ്ങളിലേക്ക് മാത്രം ശ്രദ്ധ തിരിച്ച് എത്ര മനുഷ്യരുടെ സുരക്ഷയാണ് അവർ ഇല്ലാതാക്കുന്നത്. പേടിപ്പെടുത്തുന്ന ഓർമ്മകൾ മൂലം വീടിനകത്തുനിന്ന് പുറത്തോട്ട് പോലും ഇറങ്ങാൻ കഴിയാത്ത എത്രയോ പെൺകുട്ടികൾ നമുക്കിടയിലുണ്ട്. പേടിച്ച് യാത്ര ചെയ്യുന്നവർ, പേടിച്ച് ജോലി ചെയ്യുന്നവർ, പേടിച്ച് പഠിക്കുന്നവർ അങ്ങനെ ഒരുപാട് പേടികൾ കൂടിച്ചേർന്നതാണ് നമ്മുടെ പെൺകുട്ടികളുടെ ലോകം.
രാത്രി 12 മണി കഴിഞ്ഞാൽ തെരുവുനായ്ക്കൾക്ക് വഴിയിൽ കാണുന്നവരെല്ലാം ശത്രുക്കളാണ്. പകലു കണ്ട ഒരു സ്വഭാവമേ ആയിരിക്കില്ല അവർക്ക് രാത്രിയിൽ. അതുപോലെയാണ് മനുഷ്യനും. പകൽ വെളിച്ചത്തിൽ, അല്ലെങ്കിൽ ആൾക്കൂട്ടത്തിൽ സമത്വവും, സാഹോദര്യവും വിളമ്പുന്ന പുരുഷന്മാർ തന്നെയാണ് നേരം ഇരുട്ടുമ്പോഴും, തനിച്ചാവുമ്പോഴും നമ്മുടെ പെൺകുട്ടികളെ കടന്നാക്രമിക്കുന്നത്. എന്തു നീതിയാണ് ഇവിടെ പെൺകുട്ടികൾക്ക് നിയമപാലകർ നൽകുന്നത്. എന്തു സുരക്ഷയാണ് ഇവിടെയുള്ള ഉദ്യോഗസ്ഥർ നമ്മുടെ പെൺകുട്ടികൾക്ക് കൊടുക്കുന്നത്. ആർക്കും എന്തും ചെയ്യാനുള്ള വിളനിലമായി ഇന്ത്യൻ റെയിൽവേ മാറിയിരിക്കുന്നു എന്നതിൽ സംശയമില്ല. കഴിഞ്ഞദിവസം, കൂടെ അച്ഛൻ ഉണ്ടായിരുന്നിട്ടു പോലും ആറു പേരടങ്ങുന്ന യുവാക്കളുടെ സംഘം 16 വയസുള്ള ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന വാർത്ത നമ്മൾ കണ്ടതാണ്. അതും ട്രെയിനിൽ വെച്ചായിരുന്നു എന്നുള്ളതാണ് ഞെട്ടിക്കുന്ന കാര്യം. ചോദ്യം ചെയ്യാൻ പോയ സഹയാത്രികനെ പോലും യുവാക്കൾ മർദ്ദിച്ചു എന്നാണ് വാർത്തയിൽ കണ്ടത്. അവർക്കെതിരെ എന്ത് നടപടിയാണ് പോലീസ് സ്വീകരിച്ചത്? അവരിൽ എത്ര പേരെയാണ് പോലീസ് പിടികൂടിയത്. ഇങ്ങനെ പറഞ്ഞതും പറയാത്തതുമായ എത്രയെത്ര സംഭവങ്ങൾ.
ജീവിതമാകുമ്പോൾ യാത്രകൾ ചെയ്തേ മതിയാകൂ. അതിന് ഇവിടെയുള്ള സാധാരണക്കാർക്ക് ഏറ്റവും സൗകര്യപ്രദമായ മാർഗ്ഗം ട്രെയിൻ തന്നെയാണ്. അതുകൊണ്ടാണല്ലോ ഇത്രത്തോളം ദുരിതങ്ങൾ തങ്ങളെ തേടിയിരിക്കുന്നുണ്ട് എന്നറിഞ്ഞിട്ടും പെൺകുട്ടികൾ വീണ്ടും യാത്ര ചെയ്യാൻ ട്രെയിൻ തന്നെ തിരഞ്ഞെടുക്കുന്നത്. എന്നാണ് ഈ സ്ഥിതി ഇനി മാറുക? എപ്പോഴാണ് പേടിക്കാതെ സ്വതന്ത്രമായി ഇവിടെ പുരുഷനും സ്ത്രീക്കും യാത്ര ചെയ്യാൻ കഴിയുക? ആരാണ് ഈ സുരക്ഷിതത്വം നടപ്പിലാക്കി തരിക? മാസാമാസം ശമ്പളം വാങ്ങാൻ വേണ്ടി മാത്രം റെയിൽവേ പോലീസിന്റെ വേഷം എടുത്തണിയുന്ന മനുഷ്യർ ഒന്നോർക്കുക ബെന്യാമിൻ പറഞ്ഞത് പോലെ നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടു കഥകൾ മാത്രമാണ്. നിങ്ങൾക്കും കുടുംബങ്ങളുണ്ട് കുട്ടികളുണ്ട് അവർക്കും യാത്രകൾ ഉണ്ട്.
Post Your Comments