വൈപ്പിൻ: കടൽക്ഷോഭത്തിൽപ്പെട്ട് മത്സ്യബന്ധന വള്ളം മുങ്ങി ഒരാളെ കാണാതായി. ബേപ്പൂർ സ്വദേശി കുഞ്ഞാപ്പു (23) വിനെയാണ് കാണാതായത്. ആറു മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. മുങ്ങിയ വള്ളത്തിൽ പിടിച്ച് ഒരു ദിവസം മുഴുവൻ നീന്തിയ ബാക്കി അഞ്ചുപേരെ അതുവഴിപോയ കപ്പലിലെ ജീവനക്കാർ രക്ഷപ്പെടുത്തി.
26-നു ബേപ്പൂരിൽ നിന്നു മത്സ്യബന്ധനത്തിനു പോയ സഫത്ത് എന്ന ഫൈബർ വള്ളം 28-നു വൈകുന്നേരം നാലോടെ ചേറ്റുവ ഭാഗത്ത് 25 നോട്ടിക്കൽ മൈൽ അകലെ പടിഞ്ഞാറാണ് മുങ്ങിയത്. കടൽത്തിരകളിൽപ്പെട്ട് മുങ്ങിയ വള്ളത്തിൽ നിന്ന് ആറുപേരും തെറിച്ചുപോയെങ്കിലും കുഞ്ഞാപ്പുവിനൊഴികെ മറ്റുള്ളവർക്കെല്ലാം വള്ളത്തിൽ പിടികിട്ടി. ബേപ്പൂർ സ്വദേശികളായ ഷഫീർ (37), ഷിഹാബ് (38) എന്നീ മലയാളികളും മൂന്ന് അന്യസംസ്ഥാന തൊഴിലാളികളുമാണ് വള്ളത്തിൽ പിടിച്ച് കടന്നത്.
Read Also : എസിഐ സർവേ റിപ്പോർട്ട്: ഉയർന്ന സ്കോർ കരസ്ഥമാക്കി സിയാൽ
ഒരു രാത്രി മുഴുവനും വള്ളത്തിൽ പിടിച്ചു നീന്തിയ ഇവരെ കപ്പൽ ജീവനക്കാർ ആണ് കണ്ട് രക്ഷപ്പെടുത്തിയത്. കപ്പലിൽ ഇവർക്ക് അടിയന്തര ചികിത്സയും ഭക്ഷണവും നൽകി. നെടുമ്പാശ്ശേരിയിലെത്തിച്ച മത്സ്യത്തൊഴിലാളികളെ ഫോർട്ടുകൊച്ചി കോസ്റ്റൽ എസ്ഐ കെ.ഇ. ഷാജി, സിപിഒ ശ്രീജിത്തും ചേർന്ന് എറണാകുളം ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായ പരിക്കുകളില്ല. കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
Post Your Comments