മുംബൈ: സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിനു പിന്നാലെ, വിശ്വാസവോട്ടെടുപ്പിലേക്ക് പോകാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു. സമൂഹ മാധ്യമത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്താണ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വവും രാജിവച്ച ഉദ്ധവ് താക്കറെ, ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിക്കുന്നതിനായി രാജ്ഭവനിലേക്ക് പുറപ്പെട്ടു. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനും, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നന്ദി അറിയിക്കുന്നതായി ഉദ്ധവ് താക്കറെ പറഞ്ഞു.
‘എന്നെ പിന്തുണച്ച എൻ.സി.പി, കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിക്കുകയാണ്. ഔറംഗബാദിനെ സംഭാജി നഗറെന്നും ഒസ്മാനബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയതിൽ ഞാൻ തൃപ്തനാണ്. ബാലാസാഹേബ് താക്കറെ നിർദ്ദേശിച്ച പേരുകളാണിത്. അധികാരത്തിൽ കടിച്ചു തൂങ്ങുന്ന ആളല്ല ഞാൻ. സഭയിലെ അംഗബലമല്ല കാര്യം. ഒരു ശിവസേനക്കാരൻ പോലും എതിരാകുന്നത് എനിക്കു സഹിക്കാനാകില്ല. ഞാൻ നിലകൊണ്ടത് മറാത്തികൾക്കും ഹിന്ദുക്കൾക്കും വേണ്ടിയാണ്,’ ഉദ്ധവ് താക്കറെ വ്യക്തമാക്കി. ബാല്‍ താക്കറെയുടെ സ്വപ്നത്തിനായാണ് താൻ പോരാടിയതെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു.
Post Your Comments