കാസര്‍ഗോഡ് : പ്രവാസി അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ് കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ 14 അംഗ സ്‌ക്വാഡ് അന്വേഷിക്കും. പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം കര്‍ണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടുപാകാന്‍ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയെന്നു സംശയിക്കുന്ന ഉപ്പളയിലെ ട്രാവല്‍സ് ഉടമയെ കണ്ടെത്താനായില്ല.
ട്രാവല്‍സ് ഉടമ 50 ലക്ഷം രൂപയുടെ ഡോളര്‍ ഗള്‍ഫിലുള്ള അബൂബക്കര്‍ സിദ്ദിഖിനെ ഏല്‍പ്പിക്കാന്‍ സഹോദരന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാര്‍ എന്നിവര്‍ക്ക് കൈമാറിയിരുന്നു. അന്‍വര്‍ ഡോളര്‍ അടങ്ങിയ ബാഗ് ഗള്‍ഫില്‍ സിദ്ദിഖിനെ ഏല്‍പ്പിച്ചു. ബാഗില്‍ ഡോളര്‍ സൂക്ഷിച്ച കവര്‍ പൊട്ടിച്ച നിലയിലായിരുന്നു. ഇതിനെ ചൊല്ലി ട്രാവല്‍സ് ഉടമയും സിദ്ദിഖും പരസ്പരം ഫോണില്‍ കൊലവിളി നടത്തിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഡോളര്‍ വാങ്ങിത്തന്നാല്‍ നല്ലൊരു തുക പ്രതിഫലംനല്‍കാമെന്ന് ക്വട്ടേഷന്‍ സംഘത്തോട് ട്രാവല്‍സ് ഉടമ പറഞ്ഞതായും വിവരം ലഭിച്ചിട്ടുണ്ട്.
അതിനിടെ അബൂബക്കര്‍ സിദ്ദിഖിന്റെ കൊലയ്ക്കുശേഷം ട്രാവല്‍സ് ഉടമ സഞ്ചരിച്ച ഗോവ രജിസ്‌ട്രേഷനുള്ള ബ്രീത കാര്‍ കണ്വതീര്‍ത്ഥയിലെ വീട്ടില്‍ നിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പൈവളിഗെയില്‍ നിന്ന് അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതിയുടെ ഉപ്പളയിലെ ഫ്ളാറ്റില്‍ നിന്ന് പൊലീസ് നാല് ലക്ഷം രൂപ പിടികൂടിയിട്ടുണ്ട്.
അതേസമയം, അബൂബക്കർ സിദ്ദിഖിന്റെ ശരീരത്തിലെ പേശികൾ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായിരുന്നതായി മൃതദേഹ പരിശോധനാ റിപ്പോർട്ട്. കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാൽ മാത്രമേ ശരീരം ഇത്തരത്തിലാവുകയുള്ളൂവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാൽവെള്ളയിലും പിൻഭാഗത്തുമായിരുന്നു അടികളെല്ലാം. അതിനിടയിൽ തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദിഖിന്റെ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.
അബൂബക്കര്‍ സിദ്ദിഖിനെ ബന്ദിയാക്കി മര്‍ദ്ദിച്ച താവളം ജില്ലാ പൊലീസ് ചീഫ് ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ ഇന്നലെ പരിശോധിച്ചു. സിദ്ധിഖിനും സഹോദരനും സുഹൃത്തിനും ഇവിടെ വച്ച് ക്രൂരമര്‍ദ്ദനം ഏറ്റതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ദിഖിനെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ച ശേഷം കടന്നുകളഞ്ഞ ക്വട്ടേഷന്‍ സംഘത്തില്‍ പത്തു പേരുണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
പൈവളികെയിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയത്. രക്ഷപ്പെട്ട പ്രതികളില്‍ പലരും കര്‍ണ്ണാടകയിലേക്ക് കടക്കുകയായിരുന്നു. സംഘത്തില്‍ ഒരാള്‍ ബംഗളുരു വിമാനത്താവളത്തിന് സമീപത്ത് അന്വേഷണ സംഘത്തിന്റെ വലയിലായതായും സൂചനയുണ്ട്.
Post Your Comments