ഉദയ്പൂർ: പ്രവാചക നിന്ദയുടെ പേരില്‍ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്. നിയമം കൈയിലെടുക്കുന്നത് അങ്ങേയറ്റം അപലപനീയവും ഖേദകരവും അനിസ്ലാമികവുമാണെന്ന് എ.ഐ.എം.പി.എൽ.ബി ജനറൽ സെക്രട്ടറി ഹസ്രത്ത് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി മാധ്യമ പ്രസ്താവനയിൽ അറിയിച്ചു.
‘മുഹമ്മദ് നബിക്കെതിരെ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ നടത്തിയ അപകീർത്തികരമായ വാക്കുകൾ മുസ്ലീം സമുദായത്തിന് വേദനാജനകമാണ്. ഏതെങ്കിലും മതപരമായ വ്യക്തിത്വത്തെ അപകീർത്തിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. സർക്കാരിന്റെ നിഷ്‌ക്രിയത്വം മുറിവിൽ ഉപ്പു പുരട്ടലല്ലാതെ മറ്റൊന്നുമല്ല. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല, ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണ്’- ഹസ്രത്ത് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി പറഞ്ഞു.
അതേസമയം, ഉദയ്പൂരിൽ നടന്ന ക്രൂരമായ കൊലപാതകത്തെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ശക്തമായി അപലപിക്കുന്നുവെന്നും നിയമമോ ഇസ്ലാമിക ശരീഅത്തോ ഇത്തരം പ്രവർത്തി അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സാമുദായിക സൗഹാർദ്ദത്തിനും സാമൂഹിക ഐക്യത്തിനും ഭംഗം വരുത്തുന്ന ഇത്തരം നടപടികളിൽ ഏർപ്പെടരുതെന്നും നിയമം കൈയിലെടുക്കരുതെന്നും ക്ഷമയോടെ പ്രവർത്തിക്കണമെന്നും ബോർഡ് മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ചു.
Post Your Comments