ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കനത്ത മഴ തുടരുന്നു. മഴയിലും മണ്ണ് ഇടിച്ചിലിലും മരണം 17 ആയി. മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലുകള്‍ തുടരുകയാണ്. പഗതര മേഖലയില്‍ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കുടിവെള്ള വിതരണത്തെയും വൈദ്യുതി വിതരണത്തെയും മഴ സാരമായി ബാധിച്ചു. പല ജില്ലകളിലും വന്‍ കൃഷി നാശവും ഉണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്.
ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കനത്ത മഴയില്‍ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. മണ്ണ് വീണ് ചിംപു- ഹോളോങ്കി റോഡിലെ ഗതാഗതം സ്തംഭിച്ചു. പപ്പും പാറേ ജില്ലയുടെ മലയോര മേഖലകള്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ടരാസോ, ബാലിജാന്‍, ഹോളോംഗി, കകോയി, ദിര്‍ഗ ദഫ്‌ല, ബോര്‍ഹില്‍ തുടങ്ങിയ ജില്ലകളിലെ റോഡുകള്‍ തകര്‍ന്നു. സിബോ കൊറോംഗ് നദി കരകവിഞ്ഞതോടെ പല ഗ്രാമങ്ങളിലും വെള്ളം ഉയരാന്‍ ഇടയാക്കി. തലസ്ഥാന നഗരിയിലേയ്ക്കുള്ള റോഡുകളിലും വെള്ളം കയറി ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
Post Your Comments