ദില്ലി: ടി20 ക്രിക്കറ്റില്‍ ഇന്ത്യ പുതിയ നായകനെ പരീക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. രോഹിത് ശര്‍മയുടെ പ്രായവും ജോലിഭാരവും കണക്കിലെടുത്താണ് സെവാഗ് ഇക്കാര്യം ഉന്നയിച്ചത്. ഇനി മൂന്ന് ഫോര്‍മാറ്റിലും ഒരേ നായകന്‍ എന്ന പതിവ് രീതി പിന്തുടരാനാണ് തീരുമാനമെങ്കില്‍ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവാന്‍ ഏറ്റവും യോഗ്യനായ താരം രോഹിത് തന്നെയാണെന്നും സെവാഗ് പറഞ്ഞു.
‘ടി20 ക്രിക്കറ്റില്‍ നായകനായി ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ ചുമതല കൈമാറാവുന്നതാണ്. ഇതുവഴി രോഹിത്തിന്‍റെ ജോലിഭാരം കുറക്കാം, ഒപ്പം രോഹിത്തിന് ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കകയും ചെയ്യാം. ടി20 ക്രിക്കറ്റില്‍ നിന്ന് ഇടയ്ക്ക് ഇടവേളയെടുക്കുന്നത് രോഹിത്തിനും ഗുണകരമാകും. ഇനി മൂന്ന് ഫോര്‍മാറ്റിലും ഒരേ നായകന്‍ എന്ന പതിവ് രീതി പിന്തുടരാനാണ് തീരുമാനമെങ്കില്‍ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവാന്‍ ഏറ്റവും യോഗ്യനായ താരം രോഹിത് തന്നെയാണ്’.
‘ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ടീമിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും കെഎല്‍ രാഹുലും ആയിരിക്കും. നിരവധി യുവതാരങ്ങളുണ്ടെങ്കിലും രോഹിത്-കിഷന്‍ ഓപ്പണിംഗും വണ്‍ ഡൗണായി കെഎല്‍ രാഹുലിനെയുമാണ് ഞാൻ തെരഞ്ഞെടുക്കുന്നത്. വിരാട് കോഹ്ലിയാണ് നിലവില്‍ ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്റ്സ്മാൻ’.
Read Also:- ബദാം സ്ഥിരമായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
‘ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പേസ് വിസ്മയം ഉമ്രാന്‍ മാലിക്കും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഉമ്രാന് ഒപ്പം ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും അടങ്ങുന്നതാവും ഇന്ത്യയുടെ പേസാക്രമണം. സമീപകാലത്ത് തന്നില്‍ ഏറ്റവുമധികം മതിപ്പുളവാക്കിയ പേസറാണ് ഉമ്രാന്‍ മാലിക്ക്. ഐപിഎല്ലില്‍ ഒട്ടേറെ പേസര്‍മാരുടെ ഉദയം കണ്ടെങ്കിലും മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ദീര്‍ഘകാലം കളിക്കാന്‍ പോകുന്ന താരം ഉമ്രാനായാരിക്കും’ സെവാഗ് പറഞ്ഞു.
Post Your Comments