തിരുവനന്തപുരം: അടുത്ത വർഷം കൂടുതൽ ഇനങ്ങൾ കൂട്ടിച്ചേർത്ത് വിപുലമായ രീതിയിൽ റവന്യൂ കലോത്സവം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കേരളത്തിലെ ഭൂമിസംബന്ധമായ സങ്കീർണമായ പ്രശ്‌നങ്ങൾ ഇമവെട്ടാതെ നോക്കിനടത്തുന്നതിന് ഉദ്യോഗസ്ഥർക്ക് കൂടുതൽ ഊർജ്ജം പകരാൻ റവന്യൂ കലോത്സവം സഹായിക്കും. മൂന്ന് ദിവസം തൃശ്ശൂരിൽ നടന്ന റവന്യൂ കലാപൂരത്തിന് ആവേശകരമായ പരിസമാപ്തി കുറിച്ചുകൊണ്ടുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് ദിവസം കൊണ്ട് റവന്യൂവകുപ്പ് മഹനീയമായ കലാപ്രതിഭകളുടെ ഇടമാണെന്ന് തിരിച്ചറിഞ്ഞു. സ്‌കൂൾ യുവജനോത്സവത്തിലെ പ്രതിഭകളെ വെല്ലുന്ന പ്രകടനമാണ് ഉദ്യോഗസ്ഥർ കാഴ്ചവെച്ചത്. ചിട്ടയായ സംഘാടകത്വവും പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സഹായിച്ചു. റവന്യൂവകുപ്പ് ന്യൂജെനാകുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റവന്യൂവകുപ്പിന്റെ കലാബോധവും കഴിവുകളും മനസ്സിലാക്കുന്നതിനുള്ള അവസരമായി കലോത്സവം മാറിയതായി പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ പറഞ്ഞു. ഐക്യത്തിന്റെ സന്ദേശം നൽകുന്ന വേദിയായി കലോത്സവം മാറി. അഭിമാനകരമായ കാൽവയ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്ന വകുപ്പ് എന്ന നിലയിൽ ഇത്തരം കലോത്സവങ്ങൾ അനിവാര്യമാണെന്ന് ചടങ്ങിൽ സ്വാഗതം പറഞ്ഞ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ എ ജയതിലക് പറഞ്ഞു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൂടുതൽ അനുകമ്പയും സർഗാത്മകതയും ഉള്ളവരാക്കി മാറ്റാൻ ഇത്തരം കലോത്സവങ്ങൾ സഹായിക്കുമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ അഭിപ്രായപ്പെട്ടു.
വൻ ജനപങ്കാളിത്തമാണ് മേളയുടെ തുടക്കം മുതൽ ദൃശ്യമായത്. ആദ്യദിനം നടന്ന ഘോഷയാത്രയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു.
Post Your Comments