KeralaLatest NewsIndia

തീവണ്ടിയിൽ 16 കാരിക്കെതിരായ അതിക്രമം: പ്രതികളെല്ലാം 50 കഴിഞ്ഞവർ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തൃശ്ശൂര്‍: അച്ഛനൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരേ അതിക്രമം നടത്തിയത് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍. അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നാണ് പെണ്‍കുട്ടിയുടെയും പിതാവിന്റെയും മൊഴി. എറണാകുളത്തുനിന്ന് യാത്ര പുറപ്പെട്ട തീവണ്ടിയില്‍ ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിൽ ഇവർ ഇറങ്ങിപ്പോയെന്നും പരാതിക്കാര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി 7.50-ന് എറണാകുളം ജങ്ഷനില്‍നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട സ്‌പെഷ്യല്‍ എക്‌സ്പ്രസ് തീവണ്ടിയിലാണ് അച്ഛനൊപ്പം യാത്ര ചെയ്ത 16-കാരിക്ക് നേരേ അതിക്രമമുണ്ടായത്.

തീവണ്ടി എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍ പിന്നിട്ടതോടെ അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് ഇതിനെ എതിര്‍ത്തപ്പോള്‍ ഇവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇടപ്പള്ളി സ്റ്റേഷനില്‍വെച്ച് പിതാവ് തീവണ്ടിയിലെ ഗാര്‍ഡിനെ വിവരമറിയിച്ചു. സംഭവം പോലീസില്‍ അറിയിക്കാമെന്നും തൊട്ടടുത്ത സ്‌റ്റേഷനില്‍നിന്ന് പോലീസ് നടപടിയുണ്ടാകുമെന്നുമായിരുന്നു ഗാര്‍ഡിന്റെ മറുപടി. എന്നാല്‍ തീവണ്ടി ആലുവ സ്റ്റേഷനിലെത്തിയിട്ടും പോലീസുകാര്‍ വന്നില്ല.

അഞ്ചംഗസംഘത്തിന്റെ ഉപദ്രവത്തിനെതിരേ മലപ്പുറം സ്വദേശിയായ ഒരു യുവാവ് പ്രതികരിച്ചു. ഇതോടെ സംഘം ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ ചില ദൃശ്യങ്ങൾ പെൺകുട്ടി മൊബൈലിൽ പകർത്തിയിട്ടുണ്ട്. തീവണ്ടി പിന്നീട് തൃശ്ശൂരില്‍ എത്തിയപ്പോളാണ് അച്ഛനും മകളും റെയില്‍വേ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പ്രതികളായ അഞ്ചുപേര്‍ക്കെതിരേയും പോക്‌സോ നിയമപ്രകാരമാണ് റെയില്‍വേ പോലീസ് കേസെടുത്തിരിക്കുന്നത്.

പ്രതികളെല്ലാം തീവണ്ടിയില്‍ പതിവായി യാത്ര ചെയ്യുന്ന സീസണ്‍ ടിക്കറ്റുകാരാകാമെന്നാണ് പോലീസിന്റെ നിഗമനം.  പ്രതികളില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വൈകാതെ തന്നെ മുഴുവന്‍ പ്രതികളും പിടിയിലാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button