കുവൈറ്റ് സിറ്റി: മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽപെട്ട് കുവൈറ്റിൽ എത്തിയ ഒരു യുവതി കൂടി ഇന്ത്യൻ എംബസിയിൽ അഭയം തേടി. ജനുവരി 15ന് കുവൈറ്റിലെത്തിയ മലയാളി യുവതിയാണ് അഭയ കേന്ദ്രത്തിൽ കഴിയുന്നത്. കുവൈറ്റ് വിമാനത്താവളത്തിൽ എത്തിയ തന്നെ മനുഷ്യക്കടത്തു കേസിലെ മുഖ്യപ്രതി കണ്ണൂർ സ്വദേശി മജീദാണു കുവൈറ്റ് സ്വദേശിയുടെ വീട്ടിൽ എത്തിച്ചതെന്ന് ഇവർ പറയുന്നു.
നേരത്തെ പത്തനാപുരം സ്വദേശിനിയായ യുവതിയെ സമാനമായി കുവൈറ്റിൽ എത്തിച്ചു പെൺവാണിഭം നടത്താൻ നിർബന്ധിക്കുകകയായിരുന്നു. നോർക്കയുടെയും എംബസിയുടെയും ഇടപെടലിൽ യുവതി നാട്ടിലെത്തുകയായിരുന്നു.
അതേസമയം ഈ യുവതിയെ രണ്ടു കുട്ടികളെ നോക്കാനെന്നു പറഞ്ഞാണ് എത്തിച്ചതെങ്കിലും ആറു കുട്ടികളുണ്ടായിരുന്നു. കൂടാതെ പാചകവും ശുചീകരണ ജോലികളും ചെയ്യാൻ നിർബന്ധിച്ചു. ഇതേ വീട്ടിൽ എത്തിച്ച മറ്റൊരു യുവതി അവിടെ നിന്നു പോയതിനാൽ താനും രക്ഷപ്പെടുകയായിരുന്നെന്നു യുവതി പറയുന്നു. നാട്ടിലേക്കു തിരിച്ചയയ്ക്കാൻ അപേക്ഷിച്ചെങ്കിലും മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു.
പണം കിട്ടാതെ കേരളത്തിലേക്കു വിടില്ലെന്നു മജീദ് ഭർത്താവിനെ വിളിച്ചു പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ ഇന്ത്യൻ എംബസി അഭയകേന്ദ്രത്തിൽ സുരക്ഷിതയാണെന്നും രേഖകൾ ശരിയാക്കി നാട്ടിലേക്കു പോകാനാകുമെന്നാണ് പ്രതീക്ഷയെന്നും യുവതി പറയുന്നു.
Post Your Comments