കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ നിരപരാധികളായ മുസ്ലീം ലീഗ് പ്രവർത്തകരെ പൊലീസ് വേട്ടയാടുന്നുവെന്ന ആരോപണവുമായി മുസ്ലീം യൂത്ത് ലീഗ്. ആൾക്കൂട്ട ആക്രമണത്തെ അപലപിക്കുന്നു. എന്നാൽ, ലീഗ് പ്രവർത്തകരെ വേട്ടയാടാനുള്ള പൊലീസ് നീക്കം അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മിസ്ഹബ് വ്യക്തമാക്കി.
‘റെയ്ഡിന്റെ പേരിൽ ലീഗ് പ്രവർത്തകരുടെ വീടുകളിൽ പൊലീസ് നര നായാട്ട് നടത്തുകയാണ്. എന്നാൽ, എസ്.ഡി.പി.ഐയുടെ ഒരാളെ പോലും അറസ്റ്റ് ചെയ്യുന്നില്ല. ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിൻറെ മൊഴി പ്രകാരം ഉള്ള ആളുകളെ, പൊലീസ് ബോധപൂർവ്വം ഒഴിവാക്കുകയാണ്. എസ്.ഡി.പി.ഐ പോലീസ് അന്തർധാര ഉണ്ടെന്നാണ് മനസ്സിലാവുന്നത്,’ മിസ്ഹബ് പറഞ്ഞു.
ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ എഫ്.ഐ.ആറിൽ പ്രതിചേർത്ത ആദ്യ ഒൻപത് പ്രതികളിൽ ഒരാളെ മാത്രമാണ് പൊലീസ് ഇതുവരെ പിടികൂടിയത്. പ്രധാന പ്രതികളെ പിടികൂടാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നും ആക്ഷേപമുണ്ട്.
Post Your Comments