KeralaLatest NewsIndia

കോൺഗ്രസ് മാർച്ച് സംഘർഷത്തിൽ: ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറ്

കൽപ്പറ്റ: രാഹുൽ ​ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ ദേശാഭിമാനി ഓഫീസ്‌ ആക്രമിച്ചു. ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക്‌ ഇരച്ചുകയറാനും ശ്രമിച്ചു. വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം.

രാഹുൽഗാന്ധിയുടെ ഓഫീസിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ പ്രതിഷേധിച്ച്‌ യുഡിഎഫ്‌ നടത്തിയ റാലിക്കിടെ അമ്പതോളം വരുന്ന പ്രവർത്തകർ ദേശാഭിമാനി ഓഫീസിന്‌ നേരെ പാഞ്ഞടുക്കുകയായിരുന്നു. കല്ലും വടികളുമായെത്തിയ പ്രവർത്തകർ ജില്ലാ ബ്യൂറോ ഓഫീസിന്‌ സമീപമെത്തി മുദ്രാവാക്യം മുഴക്കി കല്ലെറിഞ്ഞു. വാടകയ്‌ക്ക്‌ പ്രവർത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന കെട്ടിട ഉടമയായ സ്‌ത്രീയും കുട്ടികളും പുറത്തിറങ്ങി ഒച്ചവെച്ചതോടെയാണ്‌ പ്രവർത്തകർ പിന്തിരിഞ്ഞത്‌.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്ത്, കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജഷീർ പള്ളിവയൽ എന്നിവരുടെ നേതൃത്വത്തിലാണ് കൽപ്പറ്റയിൽ പ്രകടനം നടന്നത്. ദേശീയപാതയിലെ റാലിക്കിടെ ഒരുസംഘം പ്രവർത്തകർ വഴിതിരിഞ്ഞ്‌ കൽപ്പറ്റ പള്ളിത്താഴെ റോഡിലുള്ള ദേശാഭിമാനി ഓഫീസിലേക്ക്‌ എത്തി കല്ലെറിയുകയായിരുന്നു.

അതേസമയം, രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് വയനാട്ടിൽ കോൺഗ്രസ് നടത്തിയത് വമ്പൻ പ്രകടനമായിരുന്നു. നിരവധി നേതാക്കളും  പ്രവർത്തകരും പ്രകടനത്തിൽ പങ്കെടുത്തു. കൽപറ്റ ടൗണിലേക്ക് നടത്തിയ മാർച്ചിൽ കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, രമ്യഹരിദാസ്, വി.ടി. ബൽറാം, കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധൻ, ഷാഫി പറമ്പിൽ, കെ.സുധാകരൻ‌ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button