സെക്കന്ദരാബാദ്: അഗ്നിപഥ് പ്രതിഷേധത്തിന്റെ മറവില്‍ കലാപകാരികള്‍ ട്രെയിനുകള്‍ കത്തിച്ച ദൃശ്യങ്ങള്‍ പുറത്ത്. കലാപകാരികളില്‍ ഒരാള്‍ അറസ്റ്റിലായതോടെയാണ് തെളിവായി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണില്‍ നിന്നാണ് പോലീസ് വീഡിയോകള്‍ കണ്ടെടുത്തത്.
ഓരോ സീറ്റിന് ഇടയിലും പേപ്പറും തടിയും കത്തിച്ചു വെയ്ക്കും. എന്നിട്ട് തീപിടിക്കുന്നത് വരെ കാത്തിരിക്കും. പിന്നെ അടുത്ത സീറ്റിലും ഇതേ രീതിയില്‍ തീ വെയ്ക്കും. അഗ്നിപഥ് പ്രതിഷേധത്തിന്റെ മറവില്‍ കലാപകാരികള്‍ ട്രെയിനുകള്‍ കത്തിച്ച ദൃശ്യങ്ങളാണിത്.
ട്രെയിന്‍ കത്തിച്ച സംഭവത്തില്‍, ആദിലാബാദ് ജില്ലയിലെ സോനാപൂര്‍ വില്ലേജിലെ റാത്തോഡ് പൃഥ്വിരാജ് എന്ന ഇരുപത്തിമൂന്നുകാരനാണ് പിടിയിലായത്. തീവെപ്പിന്റെ വീഡിയോകള്‍ പുറത്തുവന്നതോടെ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടു. തീവെക്കുന്നവരുടെ മുഖം ഉള്‍പ്പെടെ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സെക്കന്ദരാബാദ് സ്റ്റേഷനിലെ യാത്രാ തീവണ്ടിക്ക് തീവെയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. റെയില്‍വേ സ്റ്റേഷനില്‍ വാതില്‍ ഉള്‍പ്പെടെയുളള ഫര്‍ണീച്ചറുകള്‍ ഇളക്കിയെടുത്ത് എറിയുന്നതിന്റേയും വലിയ കമ്പുകള്‍ കൊണ്ട് എസി തീവണ്ടിയുടെ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുന്നതിന്റേയും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയത്.
ബിഹാറിലും മറ്റും അഗ്നിപഥിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായിട്ടാണ് സെക്കന്ദരാബാദിലും പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ഇതിന്റെ മറവില്‍ സമൂഹ്യവിരുദ്ധ ശക്തികള്‍ അഴിഞ്ഞാടുകയായിരുന്നു. കഴിഞ്ഞ വെളളിയാഴ്ച ഉണ്ടായ അക്രമസംഭവങ്ങളുടെ പേരില്‍ ഇന്നലെ 10 യുവാക്കളെ കൂടി ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭോയ്ഗുഡ റെയില്‍വേ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
അക്രമങ്ങളുമായി ബന്ധപ്പെട്ട് റെയില്‍വേ പോലീസ് 46 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ബുധനാഴ്ച പത്ത് പേര്‍ കൂടി അറസ്റ്റിലായതോടെ കലാപശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും അറസ്റ്റിലായവരുടെ എണ്ണം 56 ആയി. പിടിയിലായവരില്‍ അഞ്ച് പേര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരാണ്. ഇവരാണ് കലാപത്തിന് ആഹ്വാനം ചെയ്തുളള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ കിട്ടണമെങ്കില്‍ റെയില്‍വേ ബോഗികള്‍ ആക്രമിക്കണമെന്ന സന്ദേശങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചത്.
Post Your Comments