Latest NewsKerala

ശങ്കുവിന്റെ അപകടം: എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണ്- സിസിടിവി പുറത്ത് വിട്ട് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ശങ്കുവിന്റെ അപകടത്തിൽ സോഷ്യൽ മീഡിയയിൽ പലതരം ദുരൂഹതകളാണ് പ്രചരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതിനെയൊക്കെ കാറ്റിൽപ്പറത്തി ബിജെപി വക്താവ് സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. എന്തിലും ദുരൂഹത ആരോപിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വിട്ടു. നേരത്തെ ചില ഓൺലൈൻ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ അപകടത്തിൽ ദുരൂഹത ആരോപിച്ചു രംഗത്തെത്തിയിരുന്നു. ഇത് പ്രവർത്തകരിലും ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സന്ദീപിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ദുരൂഹതാ തിയറിയുടെ ഉപജ്ഞാതാക്കളോടാണ്. എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണ്. ആർക്ക് അപകടം പറ്റിയാലും അതിന് പിന്നിൽ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണം. ഒപ്പം അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുക്കണം. പുറത്തിറങ്ങി സാമൂഹ്യ പ്രവർത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാൻ പോകുന്നവരാണെന്ന സന്ദേശം സമാജത്തിൽ നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുക.

ശങ്കുവിന് അപകടം പറ്റി എന്നത് യാഥാർഥ്യമാണ്. നിലവിൽ ഒരു ദുരൂഹതയും അതിൽ ആരോപിക്കാനില്ല. വാഹനാപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ആണ് ഇത്. സ്ക്രീനിൽ വലത്‌ നിന്ന് ഇടത്തേക്ക് ആണ് ശങ്കുവിന്റെ ബൈക്ക് പോകുന്നത്. വാഹനം നിയന്ത്രണം വിട്ട് മുന്നിലുള്ള ബൈക്കിൽ ഇടിക്കുന്നതായാണ് മനസിലാകുന്നത്. അതിനപ്പുറം ഒന്നും കാണാനില്ല. മറിച്ചൊരു നിഗമനത്തിൽ എത്തണമെങ്കിൽ ശങ്കുവിന് ബോധം തെളിയണം.

അപകടത്തെ തുടർന്ന് അരമണിക്കൂർ ചോര വാർന്ന് റോഡിൽ കിടന്നു എന്നൊക്കെ ഉള്ളത് മറുനാടന്റെ ഭാവന മാത്രമാണ്. അതും ചികിത്സ വേണ്ട മറ്റൊരു മനോഭാവമാണ്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ അരകിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇപ്പൊ കോഴിക്കോട് മിംസ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു. ഇതാണ് യാഥാർഥ്യം. ഇപ്പൊ വേണ്ടത് ദുരൂഹത തിയറി അല്ല, പ്രാർത്ഥനയാണ്. ആത്മവിശ്വാസമാണ്. ധൈര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button