![](/wp-content/uploads/2020/02/sharad.jpg)
മുംബൈ: ദില്ലിയിൽ നിന്ന് പ്രതിപക്ഷപാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള യോഗത്തിലായിരുന്നു എൻസിപി അധ്യക്ഷൻ ശരദ് പവർ. എന്നാൽ, പവാറിന് കനത്ത തിരിച്ചടിയാണ് മന്ത്രിമാരുൾപ്പെട്ട വലിയ സംഘം ആഭ്യന്തര വകുപ്പോ പൊലീസോ അറിയാതെ മുംബൈ വിട്ടത്. ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയെങ്കിലും സമവായമുണ്ടാക്കണമെന്നാണ് ശിവസേനയ്ക്ക് ശരദ് പവാറിന്‍റെ നിർദ്ദേശം. എന്നാൽ ഷിൻഡെ ഇത് നിരസിച്ചു.
മഹാവികാസ് അഘാഡിയിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയാണ് എൻസിപി. ശിവസേനയുമായുള്ള സഖ്യം കൊണ്ട് എൻസിപിക്കും കോൺഗ്രസിനും മാത്രമേ ഗുണമുള്ളൂ എന്നും, ബാൽ താക്കറെ പഠിപ്പിച്ച ഹിന്ദുത്വത്തിൽ നിന്ന് വ്യതിചലിക്കുകയാണ് നിലവിൽ ശിവസേനയെന്നുമാണ് വിമതനീക്കത്തിന് ചുക്കാൻ പിടിച്ച ഏകനാഥ് ഷിൻഡെയുടെ ആരോപണം.
എൻസിപിയാണ് മഹാരാഷ്ട്രയിൽ ആഭ്യന്തരമന്ത്രിപദവി വഹിക്കുന്നത്. സഖ്യസര്‍ക്കാരില്‍ എന്‍സിപിയില്‍ നിന്നുള്ള വല്‍സെ പാട്ടീലാണ് ആഭ്യന്തര മന്ത്രി.
ലോക്‌നാഥ് ഷിന്‍ഡെക്കൊപ്പം ഗുജറാത്തിലേക്ക് പോയ വിമത എംഎല്‍എമാരില്‍ ഒരാളായ ശംഭുരാജ് ദേശായി ആഭ്യന്തര സഹ മന്ത്രിയുമാണ്. എന്നിട്ട് പോലും മുംബൈ പൊലീസിന് എംഎൽഎമാർ സ്ഥലം വിടുമെന്ന് ഒരു വിവരവും കിട്ടിയില്ലെന്നതിൽ കടുത്ത അതൃപ്തിയുണ്ട് പവാറിന്. ആദ്യം സൂറത്തിലേക്കും പിന്നീട് ഗുവാഹത്തിയിലേക്കും എംഎൽഎമാരെ കൊണ്ടുപോകാൻ പ്രത്യേക വിമാനങ്ങളെത്തിയപ്പോൾപ്പോലും ആ വിവരം പൊലീസറിഞ്ഞില്ല. ഇത് വകുപ്പിന്‍റെ വീഴ്ചയായിത്തന്നെയാണ് ശരദ് പവാർ കണക്കാക്കുന്നത്.
സാധാരണയായി ഒരു നിയമസഭാംഗം മറ്റൊരു സംസ്ഥാനത്തേക്ക് പോവുമ്പോള്‍ ഒപ്പം പോവുന്ന സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ യൂണിറ്റ് (എസ്പിയു) ഈ വിവരം ഉന്നത ഓഫീസര്‍മാരെ അറിയിക്കും. എന്നാല്‍ 40 ഓളം എംഎല്‍എമാരും മന്ത്രിമാരും സംസ്ഥാനം വിട്ടിട്ടും ഇതുണ്ടായില്ലെന്ന് ശരദ് പവാര്‍ ആഭ്യന്തര മന്ത്രിയോട് ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തില്‍ ഗുജറാത്തിലെ സൂറത്തിലേക്കായിരുന്നു ശിവസേനയിലെ വിമത എംഎല്‍എമാര്‍ പോയത്.
പിന്നീട് അസമിലേക്ക് മാറി. നിലവില്‍ ഗുവാഹട്ടിയിലെ ഹോട്ടലിലാണ് ഇവരുള്ളത്. അതേസമയം, തന്‍റെ മുന്നിൽ വന്ന് നിന്ന് താനിനി മുഖ്യമന്ത്രിയായി തുടരരുതെന്ന് അസമിലെ ഗുവാഹത്തിയിൽ കഴിയുന്ന എല്ലാ വിമത എംഎൽഎമാരും പറയട്ടെ, എങ്കിൽ താൻ രാജി വയ്ക്കാമെന്നാണ് ഉദ്ധവ് ഇന്നലെ നടത്തിയ വീഡിയോ പ്രസ്താവനയിൽ പറഞ്ഞത്. പവാറിന്റെ ഉപദേശപ്രകാരം അവസാനത്തെ സമ്മർദ്ദതന്ത്രം പയറ്റുകയാണ് ഉദ്ധവ്.
Post Your Comments