Latest NewsIndia

ഉദ്ദവിനോട് ബിജെപിക്ക് പിന്തുണ നല്‍കണമെന്നും, ഇല്ലെങ്കിൽ ശിവസേന പിളരുമെന്നും ഷിൻഡേ : 35 എംഎൽഎമാരുടെ പിന്തുണ ഷിൻഡേയ്ക്ക്

മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി സഖ്യത്തിന് കനത്ത തിരിച്ചടി നൽകി ശിവസേനയിലെ ഭൂരിപക്ഷം എംഎൽഎമാർ. ശിവസേന മന്ത്രി ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ കോൺഗ്രസ് – എൻസിപി – ശിവസേന സഖ്യസർക്കാരിലെ 22 വിമത എംഎൽഎമാർ ഗുജറാത്തിലെ ഹോട്ടലിലേക്ക് മാറി. എന്നാൽ തങ്ങൾക്ക് 35 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. താനെ മേഖലയിലെ മുതിർന്ന ശിവസേന നേതാവും നഗരവികസന, പൊതുമരാമത്ത് മന്ത്രിയുമായ ഏക്നാഥ് ഷിൻഡേയും മറ്റ് 21 എംഎൽഎമാരുമാണ് ഗുജറാത്തിലേക്ക് പോയിരിക്കുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ദവ് താക്കറെ ഷിൻഡേയുമായി ഫോണിൽ സംസാരിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. സംഭാഷണം 20 മിനുട്ട് നീണ്ടു. 35 എംഎൽഎമാരുടെ പിന്തുണ ഉള്ളതായി ഷിൻഡേ ഉദ്ദവ് താക്കറെയെ അറിയിച്ചു. ബിജെപിക്ക് പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടു. ഉദ്ദവും അജിത് പവാറും ഇപ്പോൾ കൂടിക്കാഴ്ച നടത്തുകയാണ്. എൻസിപി അധ്യക്ഷൻ ശരദ് പവാർ എട്ട് മണിയോടെ മുംബൈയിൽ എത്തുമെന്നാണ് വിവരം. അതേസമയം, വിമതനീക്കത്തിന് പിന്നിൽ പങ്കില്ലെന്നാണ് ബിജെപി വാദം.

രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്നിൽ തിരിച്ചടി നേരിട്ട മഹാവികാസ് അഖാഡി സഖ്യത്തിന് വമ്പന്‍ ഷോക്കാണ് വിമത നീക്കം. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ ശിവസേനാ എംഎൽഎമാരും മുഖ്യമന്ത്രിയുടെ വസതിയിലെത്തണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്ത്യശാസനം നൽകിയിരുന്നു. പക്ഷെ യോഗത്തിന് വെറും 16 അംഗങ്ങൾ മാത്രമാണ് എത്തിയത്. ഇത് ഉദ്ദവ് പക്ഷത്തിന് കനത്ത തിരിച്ചടിയായി. മതേതര കുപ്പായമിട്ട് കോൺഗ്രസിനെ പുകഴ്ത്തി, ബിജെപിയുടെ ഭരണ നേട്ടങ്ങൾ കണ്ടില്ലെന്ന് നടിച്ച ഉദ്ദവിന് കിട്ടിയ ഷോക്ക് ആയിരുന്നു വിമത നീക്കം.

മകൻ ആദിത്യ താക്കറെ ആണ് കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ ഉദ്ദവിനെ നിർബന്ധിച്ചതെന്നാണ്‌ റിപ്പോർട്ടുകൾ. കടുത്ത ഹിന്ദുത്വ പാർട്ടിയായ ശിവസേന, ഹിന്ദുത്വത്തിനെതിരെ പ്രവർത്തിച്ചത് അനുയായികളിൽ അസ്വസ്ഥത പടർത്തിയിരുന്നു. ഇതിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ വിമത നീക്കം. ബിജെപിയുടെ ഭരണ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചു മാത്രം വിജയിച്ച ശിവസേന ജയിച്ചതോടെ എതിർപക്ഷത്തിനൊപ്പം നിന്ന് ഭരണത്തിൽ എത്തുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button