Latest NewsNewsIndia

റിസര്‍വ് ബാങ്കിന്റെ പുതിയ ഡെബിറ്റ് കാര്‍ഡ് ചട്ടം ജൂലൈ മുതൽ പ്രാബല്യത്തില്‍: വിശദവിവരങ്ങൾ

ഡല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സേവനദാതാക്കളുടെ സെര്‍വറില്‍ സൂക്ഷിക്കുന്നത് വിലക്കി, റിസര്‍വ് ബാങ്ക് കൊണ്ടുവന്ന ചട്ടം ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും. ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് റിസര്‍വ് ബാങ്ക് ചട്ടത്തിന് രൂപം നല്‍കിയത്. ജനുവരിക്കുള്ളില്‍ വ്യവസ്ഥ പാലിക്കണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ മുന്‍ ഉത്തരവ്. ഇത് പിന്നീട് ജൂലൈ ഒന്നുവരെ നീട്ടുകയായിരുന്നു.

ടോക്കണൈസേഷന്‍ ചട്ടം നിലവില്‍ വരുന്നതോടെ, ഇടപാടുകാരുടെ യഥാര്‍ഥ കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം പ്രത്യേക കോഡ് വഴിയാണ് ഇടപാട് നടക്കുക. ടോക്കണ്‍ എന്ന് വിളിക്കുന്ന ഈ കോഡ് ഒരേ സമയം ഒരു ഓണ്‍ലൈന്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് മാത്രമാണ് സേവ് ആകുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ ഇടപാട് നടത്താന്‍ അനുവദിക്കുന്നതാണ് ടോക്കണൈസേഷന്‍ സംവിധാനം.

ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ, ഇതുവരെ സൂക്ഷിച്ചുവച്ചിരുന്ന ഇടപാടുകാരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഓണ്‍ലൈന്‍ സേവനദാതാക്കള്‍ നീക്കം ചെയ്യണം. കാര്‍ഡ് വിവരങ്ങള്‍ നീക്കം ചെയ്ത് എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ ടോക്കണിലേക്ക് നീങ്ങണമെന്നാണ് റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെടാതെ തന്നെ വേഗത്തില്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നതാണ് ടോക്കണൈസേഷന്റെ പ്രത്യേകത.

‘പൊതുജന ഫണ്ട് ദുരുപയോഗം ചെയ്തു’: എം.എൽ.എ ടി.ഐ. മധുസൂധനന് എതിരെ പൊലീസിൽ പരാതി

ഇടപാടുകാരനെ സംബന്ധിച്ച് കാര്‍ഡ് ടോക്കണൈസേഷന്‍ നിര്‍ബന്ധമല്ല. ടോക്കണൈസേഷന് അനുമതി നല്‍കിയില്ലെങ്കില്‍ ഇടപാട് നടത്താന്‍ കാര്‍ഡിലെ മുഴുവന്‍ വിവരങ്ങളും കാര്‍ഡുടമകള്‍ നല്‍കണം. സിവിവി മാത്രം നല്‍കി ഇടപാട് നടത്തുന്ന പതിവ് രീതിക്ക് പകരമാണ് മുഴുവന്‍ വിവരങ്ങളും നല്‍കേണ്ടി വരിക. ടോക്കണൈസേഷന് അനുമതി നല്‍കിയാല്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ സിവിവിയും ഒടിപിയും മാത്രം നല്‍കിയാല്‍ മതി. ടോക്കണൈസേഷന്‍ സംവിധാനം മുഴുവനായി സൗജന്യമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button