ചെന്നൈ: കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലും ആവശ്യമായ വെള്ളം ഉറപ്പാക്കുന്നതിനായി ശിരുവാണി അണക്കെട്ടിൽ, സംഭരണശേഷിയുടെ പൂര്‍ണ്ണമായ അളവിൽ വെള്ളം നിലനിർത്തണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേരളത്തോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ശിരുവാണി ഡാമിലെ പരമാവധി സംഭരണശേഷി 877 മീറ്ററാണ്. എന്നാൽ, ഇതിന് പകരം അണക്കെട്ടിന്റെ പൂർണ്ണ ശേഷിയായ 878.50 മീറ്ററാക്കി ഉയർത്തണമെന്ന് അന്തർ സംസ്ഥാന കരാറിൽ പറഞ്ഞിട്ടുണ്ടെന്നും കത്തിൽ എം.കെ സ്റ്റാലിൻ പറയുന്നു.
ജലനിരപ്പ് 1.5 അടി താഴ്‌ത്തിയാൽ 122.05 ദശലക്ഷം ഘനയടി (എം.സി.എഫ്.ടി) വെള്ളത്തിന്റെ കുറവുണ്ടാകും. ആകെ സംഭരിക്കുന്ന വെള്ളത്തിന്റെ 19 ശതമാനം ഇത് വരുമെന്നും വേനൽക്കാലത്ത് കോയമ്പത്തൂർ മേഖലയിലെല്ലാം കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ അണക്കെട്ടിൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് ഉയർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. കരാറിൽ പറഞ്ഞിരുന്ന 1.30 ടി.എം സി അളവിൽ നിന്നും 0.484 മുതൽ 1.128 ടി.എം.സി വരെ മാത്രമാണ് തമിഴ്‌നാടിന് ഇതുവരെ ലഭിച്ചിട്ടുള്ളത്.
നേരത്തേയും ഈ ആവശ്യം ചൂണ്ടിക്കാട്ടി പിണറായി വിജയന് കത്തയച്ചിട്ടുണ്ടെങ്കിലും സംഭരണശേഷി ഉയർത്തുന്നതിനാവശ്യമായ നടപടികൾ ഒന്നും കേരളം സ്വീകരിച്ചിട്ടില്ലെന്നും ഈ വിഷയത്തിൽ ഒരിക്കൽ കൂടി പിണറായി വിജയന്റെ ഇടപെടൽ ആവശ്യപ്പെടുകയാണെന്നും സ്റ്റാലിൻ കത്തിൽ അറിയിച്ചു.
Post Your Comments