Latest NewsKeralaNews

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് കേരളത്തിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു: വോട്ടെടുപ്പ് ജൂലൈ 18ന്

 

തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് സംസ്ഥാനത്തും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നിയമസഭാ സമുച്ചയത്തിന്റെ മൂന്നാം നിലയിലുള്ള 740-ാം നമ്പർ മുറിയാണ് (പാർലമെന്ററി സ്റ്റഡി ഹാൾ) കേരളത്തിൽനിന്നുള്ള നിയമസഭാംഗങ്ങളുടെ പോളിങ് സ്ഥലം. ജൂലൈ 18നാണ് വോട്ടെടുപ്പ്.
ജൂൺ 29 വരെ നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാം. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വരണാധികാരിയും രാജ്യസഭാ സെക്രട്ടറി ജനറലുമായ പി.സി മോഡിയുടെ പാർലമെന്റ് മന്ദിരത്തിലെ 29-ാം നമ്പർ റൂമിലുള്ള ഓഫീസിലാണ് പത്രികകൾ സമർപ്പിക്കേണ്ടത്. ഒഴിച്ചുകൂടാൻ വയ്യാത്ത കാരണങ്ങളാൽ വരണാധികാരി ഹാജരില്ലെങ്കിൽ അസിസ്റ്റന്റ് വരണാധികാരികളായ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മുഗൾ പാണ്ടേയ്ക്കോ ജോയിന്റ് സെക്രട്ടറിയും ചീഫ് വിജിലൻസ് ഓഫീസറുമായ സുരേന്ദ്രകുമാർ ത്രിപാഠിക്കോ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പൊതു ഒഴിവു ദിവസങ്ങളിലൊഴിക രാവിലെ 11നും വൈകിട്ടു മൂന്നിനുമിടയിലാണു പത്രികകൾ സമർപ്പിക്കേണ്ടത്.

നാമനിർദ്ദേശ പത്രികാ ഫോറങ്ങൾ വരണാധികാരിയുടേയും ഉപവരണാധികാരികളുടേയും ഓഫീസുകളിൽ ലഭിക്കും. 30നു രാവിലെ 11നു പാർലമെന്റ് മന്ദിരത്തിന്റെ ഒന്നാം നിലയിലെ 62-ാം നമ്പർ കമ്മിറ്റി റൂമിലാണു സൂക്ഷ്മ പരിശോധന. ജൂലൈ രണ്ടിനു വൈകിട്ട് മൂന്നു വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം. ജൂലൈ 18നു രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണു വോട്ടെടുപ്പ്.

പാർലമെന്റ് അംഗങ്ങൾ ന്യൂഡൽഹിയിലും സംസ്ഥാന നിയമസഭാംഗങ്ങൾ അതതു സംസ്ഥാനങ്ങളിൽ നിശ്ചയിച്ചിട്ടുള്ള പോളിങ് സ്ഥലത്തുമാണു വോട്ട് രേഖപ്പെടുത്തുന്നത്. പ്രത്യേക അടിയന്തര സ്ഥിതിയിൽ പാർലമെന്റ് അംഗങ്ങൾക്ക് ഏതെങ്കിലും സംസ്ഥാനത്തെയോ ഡൽഹി, പുതുച്ചേരി എന്നിവിടങ്ങളിലെയോ പോളിങ് സ്റ്റേഷനുകളിൽ വോട്ട് ചെയ്യാം. ഏതെങ്കിലും എം.എൽ.എയ്ക്ക് അദ്ദേഹത്തിന്റെ ബന്ധപ്പെട്ട പോളിങ് സ്ഥലത്തു വോട്ട് ചെയ്യുന്നതിനു പകരം ന്യൂഡൽഹിയിൽ പാർലമെന്റിലോ മറ്റേതെങ്കിലും നിയമസഭകളിലോ ആഗ്രഹിക്കുന്നപക്ഷം വോട്ട് ചെയ്യാം. ഇതിനായി നിശ്ചിത ഫോർമാറ്റിൽ വോട്ടെടുപ്പ് തിയതിക്ക് 10 ദിവസം മുൻപെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button