KeralaLatest NewsNews

കേരള പോലീസ് സി.പി.എം ഗുണ്ടകളുടെ ബി ടീമിനെപ്പോലെയാണ് പെരുമാറുന്നതെന്ന് കെ സുധാകരൻ

 

 

തിരുവനന്തപുരം: കേരള പോലീസ് സി.പി.എം ഗുണ്ടകളുടെ ബി ടീമിനെപ്പോലെയാണ് പെരുമാറുന്നതെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. സി.പി.എം ക്രിമിനലുകൾ സംസ്ഥാനത്ത് നടത്തുന്ന എല്ലാ അക്രമങ്ങൾക്കും ചൂട്ടുപിടിച്ച് സംരക്ഷണം ഒരുക്കുകയാണ് പോലീസ്.

കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കും കണ്ണിനും നേരെയാണു പോലീസ് ലാത്തി പ്രയോഗിക്കുന്നത്. പ്രതിഷേധക്കാരെ മർദ്ദിക്കാൻ സി.പി.എം ഗുണ്ടകളെ ഇറക്കി. പോലീസിന്റെ സാന്നിധ്യത്തിലാണ് മർദ്ദനം. ഇവരെ കസ്റ്റഡിയിലെടുക്കാനോ നിയമനടപടി സ്വീകരിക്കാനോ പോലീസ് തയ്യാറാകുന്നില്ല. പകരം നോക്കിനിന്ന് രസിക്കുകയാണ്. ഇത്തരം സമീപനം തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്നും സുധാകരൻ പറഞ്ഞു.

‘ക്രമസമാധാനം തകർത്ത് അഴിഞ്ഞാടുന്ന സി.പി.എം ഗുണ്ടകൾക്കു വീണ്ടും സംരക്ഷണം ഒരുക്കാനാണ് പോലീസിന്റെ നീക്കമെങ്കിൽ അതിനെ രാഷ്ട്രീയമായി നേരിടും. എ.കെ.ജി സെന്ററിന്റെയും സി.പി.എം നേതാക്കളുടെയും ആജ്ഞകൾ നടപ്പാക്കാൻ ഇറങ്ങുന്ന പോലീസുകാർ അധികാരവും ഭരണവും മാറിവരുമെന്ന കാര്യം വിസ്മരിക്കരുത്. നിഷ്പക്ഷമായി പ്രവർത്തിക്കാൻ പോലീസ് തയ്യാറാകണം. പക്ഷം പിടിച്ച് സി.പി.എം ഗുണ്ടകൾക്ക് സംരക്ഷണം ഉറപ്പാക്കാനാണ് പോലീസിന്റെ ഉദ്ദേശ്യമെങ്കിൽ അതേ നാണയത്തിൽ കോൺഗ്രസും മറുപടി നൽകാൻ നിർബന്ധിതരാകും.

കെ.പി.സി.സി ആസ്ഥാനം ആക്രമിച്ച് മുൻ മുഖ്യമന്ത്രി എ.കെ ആന്റണിയെ അപായപ്പെടുത്താൻ ശ്രമിച്ച സി.പി.എം ഡി.വൈ.എഫ്‌.ഐ ക്രിമിനലുകളെ ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ലെന്നത് നാണക്കേടാണ്. അതിനെതിരെ കോഴിക്കോട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പ്രവർത്തകരെ മർദ്ദിക്കാൻ സി.പി.എമ്മുകാർക്ക് പോലീസ് അവസരമൊരുക്കി. ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാറിനെതിരെ ജീവൻപോലും അപായപ്പെടുത്തുന്ന വിധം ഗുരുതരമായ ആക്രമണമാണ് പോലീസ് നടത്തിയത്.

പ്രതിപക്ഷ നേതാവിനെ വകവരുത്താൻ കന്റോൺമെന്റ് ഹൗസിലേക്ക് അതിക്രമിച്ചു കടന്ന ക്രിമിനലുകൾക്കെതിരെയോ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയ ഡി.വൈ.എഫ്‌.ഐ നേതാക്കൾക്കെതിരെയോ നടപടിയുമില്ല. സി.പി.എം ഗുണ്ടകൾ നടത്തുന്ന അക്രമത്തെ തടയാനോ നടപടി സ്വീകരിക്കാനോ തയ്യാറാകാത്ത പോലീസ് നിലപാട് നിയമവാഴ്ചയെ കൊഞ്ഞനം കുത്തുന്നതിനു തുല്യമാണ്.’ – സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button