മുക്കം: മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ രാഹുൽഗാന്ധി എം.പി. അനുവദിച്ച തുക റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുക്കം നഗരസഭ. രാഹുൽഗാന്ധി അനുവദിച്ച 40 ലക്ഷം രൂപയാണ് ചെലവാക്കുന്നതിന് സാങ്കേതികബുദ്ധിമുട്ടുള്ളതിനാൽ തത്കാലം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
മുക്കം നഗരസഭാ സെക്രട്ടറി കളക്ടർക്കും ജില്ലാ പ്ലാനിങ് ഓഫീസർക്കും ഇത് സംബന്ധിച്ച് കത്തയച്ചു.
സി.എച്ച്.സിയുടെ മാസ്റ്റർപ്ലാൻ തയ്യാറായിക്കൊണ്ടിരിക്കുന്നതിനാൽ എം.പി ഫണ്ടിൽനിന്ന് അനുവദിച്ച തുക തനതുവർഷം ചെലവഴിക്കാൻ സാധിക്കില്ലെന്ന് കത്തിൽ പറയുന്നു.
മുക്കം നഗരസഭാ സെക്രട്ടറിയുടെ കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫണ്ട് എന്തു ചെയ്യണമെന്നതിനെ സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്ടർ രാഹുൽഗാന്ധി എം.പിക്ക് കത്ത് നൽകിയിട്ടുണ്ട്.
മുക്കം നഗരസഭയുടെ ഈ നടപടിക്കെതിരേ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അത്യാഹിത വിഭാഗത്തോടുകൂടി 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയും കിടത്തിച്ചികിത്സയും വേണമെന്നടക്കമുള്ള ആവശ്യം നാട്ടുകാർ ഉന്നയിക്കുമ്പോഴാണ് കെട്ടിടനിർമാണത്തിന് അനുവദിച്ച തുക ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വേണ്ടെന്ന് വെക്കുന്നത്.
Post Your Comments