കണ്ണൂർ: ജില്ലയിൽ വിദ്യാഭ്യാസ ഓഫീസുകളിൽ വിജിലൻസ് പരിശോധന. എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക തസ്തികളിൽ നിയമനം സ്ഥിരപ്പെടുത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേയും ജില്ലാ ഓഫീസുകളിലെയും അസി. വിദ്യാഭ്യാസ ഓഫീസുകളിലെയും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന് വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം കണ്ണൂരിൽ അഞ്ചിടങ്ങളിലാണ് റെയ്ഡ് നടന്നത്. തളിപ്പറമ്പ് വിദ്യാഭ്യാസ ഓഫീസിലെ റെയ്ഡിന് വിജിലൻസ് ഡിവൈഎസ്പി തന്നെ നേതൃത്വം നൽകി.
കണ്ണൂർ ഡിഡിഇ ഓഫീസ്, കണ്ണൂർ, തലേശരി, ഇരിട്ടി എന്നിവിടങ്ങളിലെ ഡിഇഒ ഓഫീസുകളിലും റെയ്ഡ് നടന്നു. തലശേരിയിൽ വിജിലൻസ് സിഐ കെ.വി. പ്രമോദും കണ്ണൂരിൽ വിജിലൻസ് സിഐ ഷാജി പട്ടേരിയും ഇരിട്ടിയിൽ വിജിലൻസ് സിഐ പി.ആർ. മനോജും റെയ്ഡിന് നേതൃത്വം നൽകി. രാവിലെ 10.30 ന് തുടങ്ങിയ റെയ്ഡ് വൈകുന്നേരം നാലു വരെ തുടർന്നു.
ഓപ്പറേഷൻ ജ്യോതിയെന്ന പേരിൽ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. വിവിധ ഗ്രാന്റുകള്‍ അനുവദിക്കുന്നിനും അധ്യാപകരുടെ ഇൻക്രിമെന്റ് അനുവദിക്കുന്നതിലും കൈക്കൂലിയും പാരിതോഷികവും വാങ്ങുന്നുവെന്നും രഹസ്യവിവരം വിജിലൻസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഓഫീസുകളിൽ പരിശോധന.
Post Your Comments