കോഴിക്കോട്: കേരള നിയമസഭയുടെ മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതി ജൂൺ 21ന് രാവിലെ 11ന് കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിൽ നിന്ന് സമിതിക്ക് ലഭിച്ച വിവിധ പരാതികളിൽ തദ്ദേശസ്വയംഭരണം, ആരോഗ്യ കുടുംബക്ഷേമം, റവന്യൂ, സാമൂഹ്യനീതി, ആയുഷ്, ആഭ്യന്തരം എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുക്കും.
മുതിർന്ന പൗരൻമാർക്കായി ഏർപ്പെടുത്തിയിട്ടുള്ള വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യും. മുതിർന്ന പൗരൻമാരിൽ നിന്ന് സന്നദ്ധ സംഘടനകളിൽ നിന്നും പരാതികളും സ്വീകരിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഹോമിയോ മെഡിക്കൽ കോളേജ് എന്നിവിടങ്ങൾ സമിതി സന്ദർശിക്കും.
സമിതി മുമ്പാകെ പരാതി സമർപ്പിക്കാൻ താൽപ്പര്യമുള്ള വ്യക്തികൾക്കും സന്നദ്ധ സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി സമിതി അദ്ധ്യക്ഷനെ അഭിസംബോധന ചെയ്ത് പരാതി രേഖാമൂലം സമർപ്പിക്കാം.
Post Your Comments