കണ്ണൂർ: പയ്യന്നൂര്‍ ഫണ്ട് വിവാദത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടപടി. ടി.ഐ. മധുസൂദനന്‍ എംഎല്‍എയെ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മൂന്ന് ഏരിയ കമ്മറ്റി അംഗങ്ങള്‍ക്ക് എതിരേയും നടപടി. നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിര്‍മ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നാണ് ഉയര്‍ന്ന ആരോപണം. കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ 80 ലക്ഷം തിരിമറി നടത്തിയെന്ന പരാതിയില്‍ ഏരിയാ കമ്മറ്റി വച്ച മൂന്നംഗ ഉപസമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. തെരഞ്ഞെടുപ്പ് ഫണ്ടില്‍ കൃത്രിമ രസീതിയുണ്ടാക്കി അറുപത് ലക്ഷം തട്ടിയെന്ന ആരോപണം സിപിഎം സംസ്ഥാന സമിതി അംഗം ടി.വി. രാജേഷ്, പി.വി. ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
തട്ടിപ്പ് വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടിയുണ്ടായത്. കെ.കെ. ഗംഗാധരന്‍, ടി. വിശ്വനാഥന്‍ എന്നിവരെയാണ് കീഴ്ക്കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെയും ചുമതലയില്‍ നിന്നും മാറ്റി. സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷിന് പകരം ചുമതല നല്‍കി. എന്നാല്‍, നടപടി വന്നതോടെ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വി. കുഞ്ഞികൃഷ്ണന്‍ അറിയിച്ചു. എം.വി. ജയരാജനടക്കം പങ്കെടുത്ത യോഗത്തിലാണ് നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടിയിലെ തീരുമാനമുണ്ടായത്.
Post Your Comments