Latest NewsKerala

അനധികൃത മണ്ണെടുപ്പ് ഫോണില്‍ പകര്‍ത്തിയ ദളിത് വിദ്യാർത്ഥിനിയെ മണ്ണ് മാഫിയാ നേതാവ് ക്രൂരമായി മർദ്ദിച്ചു

മൂവാറ്റുപുഴ: വീടിനുസമീപം അനധികൃതമായി മണ്ണെടുക്കുന്നത് ഫോണില്‍ പകര്‍ത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയെ മണ്ണ് മാഫിയാ സംഘത്തലവന്‍ കൂരമായി മർദ്ദിച്ചു. പെൺകുട്ടിയെ ഇയാൾ അടിച്ചുവീഴ്ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാറാടി എട്ടാം വാര്‍ഡില്‍ കാക്കൂച്ചിറ വേങ്ങപ്ലാക്കല്‍ വി. ലാലുവിന്റെ മകള്‍ അക്ഷയയെയാണ് മുഖത്തടിക്കുകയും മുടിക്കുത്തിനു പിടിച്ച് വലിച്ചിഴയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.

അവശയായ പെണ്‍കുട്ടി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് തവണ കുട്ടിയെ സ്‌കാനിങ്ങിനു വിധേയമാക്കി. സംഭവത്തില്‍ മണ്ണെടുപ്പ് സംഘത്തിന്റെ തലവനായി അറിയപ്പെടുന്ന അന്‍സാറിനെതിരേ സ്ത്രീകളെ അപമാനിച്ചതിനും ദളിത് പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനും കേസെടുത്തു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണെടുപ്പെന്നും പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രതിയെ പിടികൂടണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ആവശ്യപ്പെട്ടു.

ഭരണകക്ഷിയില്‍ പെട്ട ചിലരാണ് മണ്ണെടുപ്പിനും ഭീഷണിക്കും പിന്നിലെന്നും പ്രതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കല്‍ ആരോപിച്ചു. ബുധനാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ വീടിനോടു ചേര്‍ന്നുള്ള സ്ഥലം വാങ്ങി അന്‍സാറിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണെടുത്തുവരികയായിരുന്നു. അനധികൃത മണ്ണെടുപ്പ് സമീപത്തുള്ള വീടുകള്‍ക്ക് ഭീഷണിയായിരുന്നു.

മണ്ണെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മറ്റൊരു വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തുകയും മണ്ണെടുക്കുന്നത് വിലക്കുകയും ചെയ്തു. മണ്ണെടുക്കലോ മറ്റ് നിര്‍മാണങ്ങളോ നടത്തിയാല്‍ പോലീസിനെ അറിയിക്കണമെന്ന് അടുത്തുള്ളവരെയും പരാതിക്കാരെയും അറിയിച്ചാണ് പോലീസ് മടങ്ങിയത്.

എന്നാല്‍, പിറ്റേന്നുതന്നെ യന്ത്രങ്ങളും ടിപ്പറുമായെത്തി വീണ്ടും മണ്ണെടുപ്പ് തുടങ്ങി. വീടുകളോടു ചേര്‍ന്ന് മുപ്പത് മീറ്റര്‍ വരെ ആഴത്തില്‍ മണ്ണെടുക്കാനായിരുന്നു ശ്രമമെന്ന് ലാലു പറഞ്ഞു.  ബുധനാഴ്ച മണ്ണെടുപ്പ് തുടര്‍ന്നപ്പോള്‍ ഇത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച അക്ഷയയെ അന്‍സാര്‍ ആക്രമിക്കുകയായിരുന്നു. മാതൃഭൂമി ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button