ഹൈദരാബാദ്: സ്വകാര്യ സ്കൂളില്‍ 15കാരിയായ ദലിത് പെണ്‍കുട്ടിയെ അധ്യാപിക നഗ്നയാക്കി പരിശോധിച്ചതായി പരാതി. പരീക്ഷക്ക് കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഹൈദരാബാദിലെ സെന്‍റ് ആന്‍ഡ്രൂസ് സ്കൂളില്‍ സെപ്റ്റംബര്‍ 23നാണ് സംഭവം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ പരീക്ഷയായിരുന്നു സെപ്റ്റംബര്‍ 23ന്. ആര്‍ത്തവമായിരുന്നതിനാല്‍ പെണ്‍കുട്ടി പരീക്ഷക്കിടെ രണ്ടുതവണ വാഷ്റൂമില്‍ പോയിരുന്നു. പെണ്‍കുട്ടി പരീക്ഷക്കിടെ വാഷ്റൂമില്‍ പോയത് കോപ്പിയടിക്കാനാണെന്ന് അധ്യാപിക ആരോപിച്ചതായി പെണ്‍കുട്ടിയുടെ മാതാവ് സുധ പറയുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയെ സ്റ്റാഫ് മുറിയിലേക്ക് വിളിപ്പിച്ചു. ആയയെയും പെണ്‍കുട്ടിയെയും കൂട്ടി വാഷ്റൂമിലേക്ക് പോയി. അവിടെവെച്ച് പെണ്‍കുട്ടിയുടെ അടിവസ്ത്രങ്ങള്‍ അടക്കം അഴിച്ച് പരിശോധിച്ചു. വസ്ത്രത്തിനടിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു പരിശോധന. പരിശോധനയില്‍ യാതൊന്നും അധ്യാപികക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫോണ്‍ കൊണ്ടുവന്നത് പെണ്‍കുട്ടി നിരസിച്ചതോടെ അധ്യാപിക ശാസിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാവിനോട് സംഭവം വിവരിക്കുകയായിരുന്നു.
സംഭവത്തില്‍ സുധ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം ആരോപണങ്ങള്‍ സ്കൂള്‍ അധികൃതര്‍ നിഷേധിച്ചു.എസ്.സി/എസ്.ടി, ക്രിമിനല്‍ കുറ്റകൃത്യ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മകള്‍ ആദ്യമായല്ല സ്കൂള്‍ അധികൃതര്‍ക്കും അധ്യാപികക്കുമെതിരെ പരാതി പറയുന്നതെന്ന് സുധ പറഞ്ഞു. ഇതേ അധ്യാപിക പലപ്പോഴും മകളെ അധിക്ഷേപിച്ചിരുന്നു. മറ്റു വിദ്യാര്‍ഥികള്‍ക്കിടയില്‍വെച്ച് പരസ്യമായും അപമാനിച്ചിരുന്നു. വസ്ത്രത്തിന്റെയും രൂപത്തിന്‍റെയും പേരിലും അധ്യാപിക നിസാര കാര്യങ്ങള്‍ക്ക് ശകാരിച്ചിരുന്നതായും മാതാവ് പറയുന്നു.
‘എസ്.സി വിഭാഗത്തില്‍ നിന്നായതിനാല്‍ അധ്യാപകരും വിദ്യാര്‍ഥികളും മകളെ ഒറ്റപ്പെടുത്തിയിരുന്നു. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിന് ഒരിക്കല്‍ അധ്യാപിക മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ച് അപമാനിച്ചു. ഓണ്‍ലൈന്‍ ക്ലാസിനിടെ നെറ്റ്വര്‍ക്ക് തകരാറിനെ തുടര്‍ന്ന് വിഡിയോ ഓഫായതോടെ മകളെ മോശം ഭാഷയില്‍ ശകാരിച്ചു. സംഭവത്തിന് താന്‍ സാക്ഷിയാണ്’- സുധ പൊലീസില്‍ പറഞ്ഞു.
Post Your Comments