KeralaLatest NewsNews

കാത്തിരിപ്പ് സഫലം പ്രതീക്ഷയായി പട്ടയങ്ങള്‍

 

വയനാട്: സ്വന്തം ഭൂമിയുടെ അവകാശത്തിനായി നിരവധി കുടുംബങ്ങളുടെ കാലങ്ങളായുള്ള കാത്തിരിപ്പാണ് പട്ടയമേളയിലൂടെ സഫലമായത്. മാനന്തവാടി താലൂക്കിലെ നരിക്കല്‍ വെള്ളറ, ചീങ്ങേരി ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ സ്‌കീം, പാരിസണ്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലെ കാലങ്ങളായുള്ള പട്ടയ പ്രശ്‌നങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരമായി. നരിക്കല്‍ വെള്ളറ പ്രദേശങ്ങളിലെ 174 കുടുംബങ്ങള്‍ക്കും പാരിസണ്‍ എസ്റ്റേറ്റ് ആന്‍ഡ് ഇന്‍ഡസ്സീസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നു ഏറ്റെടുത്ത മിച്ചഭൂമിയില്‍ 161 കുടുംബങ്ങള്‍ക്കും ചീങ്ങേരിയില്‍ 100 പേര്‍ക്കുമാണ് പട്ടയം ലഭിച്ചത്. ഇവയടക്കം ആകെ 802 പട്ടയങ്ങളാണ് ജില്ലയിലെ മൂന്ന് താലൂക്കുകളിലെ ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തത്.

തിരുനെല്ലി വില്ലേജില്‍ ഉള്‍പ്പെടുന്ന നരിക്കല്‍ വെള്ളറ പ്രദേശങ്ങളില്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും മിച്ച ഭൂമിയായി ഏറ്റെടുത്ത 59.67 ഏക്കര്‍ ഭൂമി കേരള ഭൂപരിഷ്‌കരണ നിയമം 1963 പ്രകാരം 1974-77 കാലഘട്ടങ്ങളിലായി പട്ടികവര്‍ഗ്ഗ, പൊതു വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുമായ 67 കുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കിയിരുന്നു. പതിവ് ലഭിച്ച ഭൂമി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരായ ചില പതിവുകാര്‍ പൂര്‍ണ്ണമായും, ചിലര്‍ ഭാഗികമായും കൈവശം വെച്ചിരുന്നെങ്കിലും ഈ ഭൂമിയില്‍ കൈയ്യേറ്റങ്ങളും നടന്നിരുന്നു. പതിച്ച് നല്‍കിയ ഭൂമി നിയമാനുസൃത രേഖകള്‍ ഇല്ലാതെ വാക്കാലും എഗ്രിമെന്റ് പ്രകാരവും കൈമാറ്റം നടത്തിയവരുമുണ്ട്.

മൂന്ന് സെന്റ് മുതല്‍ വിവിധ അളവുകളില്‍ കൈവശ ഭൂമിക്ക് നിയമപരമായ രേഖകള്‍ അനുവദിച്ചു തരണമെന്നുള്ളത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഭൂപ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് ഡെപ്യൂട്ടി കളക്ടര്‍ എല്‍ ആര്‍, മാനന്തവാടി ഭൂരേഖ തഹസില്‍ദാര്‍ എന്നിവരെ ചുമതലപ്പെടുത്തി. ഇതിന്റെയടിസ്ഥാനത്തിലാണ് അര്‍ഹരായ
174 കുടുംബങ്ങള്‍ക്ക് ഇവിടെ പട്ടയം വിതരണം ചെയ്യുന്നത്. നരിക്കല്‍ വെള്ളം പ്രദേശത്തെ നാലു പതിറ്റാണ്ടിലധികമായി നിലനില്ക്കുന്ന ഭൂമി പ്രശ്‌നത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.

ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയില്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ 418 പട്ടികവര്‍ഗ്ഗക്കാര്‍ പട്ടയമില്ലാത്ത വീട് വെച്ച് താമസിക്കുന്നു.  കൈവശവാകാശങ്ങള്‍ പരിശോധിച്ച് അര്‍ഹരെന്ന് കണ്ടെത്തിയ 100 പേര്‍ക്കാണ് പട്ടയം വിതരണം ചെയ്തത്. സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാറുടെ നേതൃത്വത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചാണ് പട്ടയവിതരണം വേഗത്തിലാക്കിയത്.

മാനന്തവാടി, കാഞ്ഞിരങ്ങാട് തവിഞ്ഞാല്‍ വില്ലേജുകളിലായി പാരിസണ്‍ എസ്റ്റേറ്റില്‍ നിന്നും 649 ഏക്കറോളം മിച്ചഭൂമി കണ്ടെത്തിയിരുന്നു. ജില്ലാ കളക്ടര്‍ മുന്‍കൈയ്യെടുത്ത് സ്‌പെഷ്യല്‍ സര്‍വെ ടീമിനെ നിയോഗിച്ച് സര്‍വെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഈ ഭൂമിയില്‍ കൃഷി ചെയ്തും താമസിച്ചും വരുന്ന 161 കുടുംബങ്ങള്‍ക്കാണ് പട്ടയം വിതരണം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button