ഡൽഹി: സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച ‘അഗ്നിപഥ്’ പദ്ധതിയ്‌ക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബി.ജെ.പി സർക്കാർ സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷണ ശാലയാക്കി മാറ്റുകയാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ പറഞ്ഞു.
വർഷങ്ങളായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന സൈനികർ, സര്‍ക്കാറിന് ഒരു ഭാരമായി തോന്നുന്നുണ്ടോയെന്നും പ്രിയങ്ക ചോദിച്ചു. ഈ നാല് വർഷത്തെ നിയമനത്തെ യുവാക്കൾ വഞ്ചന എന്ന് വിളിക്കുന്നുവെന്നും വിമുക്തഭടന്മാരും ‘അഗ്നിപഥ്’ പദ്ധതിയെ എതിർത്തിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ പറഞ്ഞു.
സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പോലെ നിര്‍ണ്ണായകമായ ഒരു വിഷയത്തിൽ, ഒരു ചർച്ചയും ഗൗരവമായ പരിഗണനയും ഉണ്ടായിട്ടില്ലെന്നും എന്തുകൊണ്ടാണ് സര്‍ക്കാറിന് പിടിവാശി എന്നും പ്രിയങ്ക ചോദിച്ചു. സൈന്യത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു എന്ന വാർത്തയ്‌ക്കൊപ്പമാണ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്.
Post Your Comments