ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയുടെ പ്രതിച്ഛായ തന്നെ മാറ്റിമറിക്കുന്ന ‘അഗ്നിപഥ് റിക്രൂട്ട്മെന്റിന്’ അനുമതി നൽകിയ കേന്ദ്ര സർക്കാറിനെ വിമർശിച്ച് എം.എ ബേബി. പദ്ധതി പ്രകാരം, ഹ്രസ്വകാലാടിസ്ഥാനത്തില്‍ പ്രതിവർഷം 46,000 യുവാക്കളെ കര, നാവിക, വ്യോമസേനകളിലേക്ക് നിയമിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് കമ്മിറ്റിയാണ് ഇതിന് അനുമതി നൽകിയത്. പദ്ധതിക്ക് അനുമതി ലഭിച്ചതോടെ ചിലയിടങ്ങളിൽ നിന്നും എതിർപ്പുകൾ ഉയരുന്നുണ്ട്. അഗ്നിപഥ് എന്ന പേരിൽ ഇന്ത്യൻ സൈന്യത്തിൽ കരാർ നിയമനം നടത്താനുള്ള സർക്കാർ നീക്കം നമ്മുടെ ദേശീയ താല്പര്യങ്ങൾക്ക് തന്നെ എതിരാണെന്ന് എം.എ ബേബി ഫേസ്‌ബുക്കിൽ കുറിച്ചു.
യുവ ആർ.എസ്.എസുകാരെ പിൻവാതിലിലൂടെ ഒരു അർദ്ധ സൈനികദളമായി സംഘടിപ്പിക്കുവാനും, അതിന് സർക്കാരിന്റെ ഖജനാവിലുള്ള ജനങ്ങളുടെ പണം കൌശലപൂർവ്വം ഉപയോഗിക്കാനുമുള്ള ഒരു കുറുക്കുവഴിയായി വേണം ഈ പദ്ധതിയെ കാണാനെന്ന് എം.എ ബേബി ആക്ഷേപിക്കുന്നു. ആർ.എസ്.എസുകാരെ പിൻവാതിലിലൂടെ സൈന്യത്തിൽ പ്രവേശിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശമെന്നും,
തൊഴിൽ സുരക്ഷിതത്വം എന്ന പരിരക്ഷ പോലുമില്ലാതെ പരമമായ ത്യാഗത്തിന് തയ്യാറാവാൻ നമ്മുടെ യുവാക്കളോട് ആഹ്വാനം ചെയ്യുന്നത് കുറ്റകരമാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. അഗ്നിപഥ് എന്ന പദ്ധതി ഉടൻ പിൻവലിക്കണമെന്നും എം.എ ബേബി ആവശ്യപ്പെട്ടു.
‘ഈ അഗ്നിപഥ് പദ്ധതി ഉടൻ പിൻവലിക്കണം. സായുധ സേനയിലേക്കുള്ള പതിവ് റിക്രൂട്ട്‌മെന്റ് അടിയന്തരമായി നടത്തുകയും വേണം. എന്തെങ്കിലും അതീവ ജനവിരുദ്ധ പദ്ധതി നടപ്പാക്കുമ്പോഴൊക്കെയും അതിനെ മഹത്തായ എന്തോ ഒന്ന് എന്ന മട്ടിൽ പാക്കേജ് ചെയ്ത് അവതരിപ്പിക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതിവ് രീതിയാണ്. അടുത്ത ഒന്നരവർഷം കൊണ്ട് പത്തുലക്ഷം സർക്കാർ ജോലി എന്നതും ഇതുപോലെ ഒരു തട്ടിപ്പാണ്. അതിലൊന്നാണ് ഈ അഗ്നിപഥ് പദ്ധതി’, എം.എ ബേബി ആരോപിച്ചു.
Post Your Comments