തിരുവനന്തപുരം: പുതിയ കാലത്ത് സമസ്ത മേഖലകളിലും ഐ.ടി വിഭാഗത്തിന്റെ സേവനം അനിവാര്യമായിരിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഐ.ടി, ഐ.ടി അനുബന്ധ മേഖലയിലെ ജീവനക്കാർക്കും സംരംഭകർക്കുമായി തൊഴിൽ വകുപ്പ് നടപ്പാക്കുന്ന ക്ഷേമ പദ്ധതിയുടെ ഓൺലൈൻ മെമ്പർഷിപ്പ് രജിസ്ട്രേഷൻ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാർ സംവിധാനങ്ങളും സേവനങ്ങളും ഓൺലൈൻ രീതിയിലേക്കു മാറുന്ന കാലഘട്ടത്തിൽ ഐ.ടി മേഖലയ്ക്കും അവയെ പരിപോഷിപ്പിക്കുന്ന ജീവനക്കാർക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
ഐ.ടി മേഖലയിലും ഐ.ടി അനുബന്ധ മേഖലയിലും ജോലി ചെയ്യുന്നവർക്കും സംരംഭകർക്കുമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ബൃഹത് പദ്ധതിയാണ് ഐ.ടി, ഐ.ടി അനുബന്ധ മേഖലയിലെ ജീവനക്കാരുടേയും സംരംഭകരുടേയും ക്ഷേമപദ്ധതി. ഐ.ടി മേഖലയ്ക്കായി രാജ്യത്ത് ഇത്തരത്തിൽ ആവിഷ്കരിക്കുന്ന ആദ്യ പദ്ധതിയാണിത്. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡനാണു പദ്ധതിയുടെ പ്രവർത്തന ചുമതല.
പാളയം ഹസൻ മരയ്ക്കാർ ഹാളിൽ നടന്ന ചടങ്ങിൽ കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ രാജഗോപാൽ, ആർ ചന്ദ്രശേഖരൻ, പി.എസ് മധുസൂദനൻ, വിനീത് ചന്ദ്രൻ, കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർമാരായ പി സജി, ജി.ആർ രാജീവ് കൃഷ്ണൻ, തൊഴിൽ വകുപ്പ് അഡിഷണൽ സെക്രട്ടറി ഡി. ലാൽ, നിയമവകുപ്പ് അഡിഷണൽ സെക്രട്ടറി എൻ. ജീവൻ, അഡിഷണൽ ലേബർ കമ്മീഷണർ രഞ്ജിത്ത് പി. മനോഹർ, ധനകാര്യവകുപ്പ് ബോർഡ് ഡയറക്ടർ ബിനു എം. സയണി എന്നിവർ പങ്കെടുത്തു.
Post Your Comments