ബേപ്പൂർ: ഹോട്ടൽ ഉടമക്കു നേരേ വധശ്രമം നടത്തിയ പ്രതി അറസ്റ്റിൽ. ബേപ്പൂർ പുലിമുട്ട് സ്വദേശിയും കൊലപാതകമടക്കം നിരവധി മയക്കുമരുന്ന് ക്രിമിനൽ കേസുകളിൽ പ്രതിയുമായ ചെറുപുരക്കൽ അബ്ദുൽ ഗഫൂറാണ് (50) അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം. ബേപ്പൂർ ബസ് സ്റ്റാൻഡിന് എതിർവശം നാഷണൽ ബിരിയാണി സെന്റർ ഉടമ ബേപ്പൂർ സ്വദേശിയും ഫാറൂഖ് കോളജിന് സമീപത്ത് താമസക്കാരനുമായ ആലുങ്ങൽ താഴെത്തൊടി അഷ്റഫി(52)നുനേരേയാണ് വധശ്രമം നടന്നത്.
Read Also : 5ജി സ്പെക്ട്രം ലേലത്തിന് മന്ത്രിസഭയുടെ അനുമതി
ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട പ്രതിക്കു വേണ്ടി ബേപ്പൂർ സ്റ്റേഷൻ ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിൽ രാത്രി തന്നെ ഊർജിതമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ പ്രതി ബേപ്പൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഇയാൾ നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലമായ ഹോട്ടലിലെത്തി തെളിവുകൾ ശേഖരിച്ചു. ബേപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments