ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പത്ത് ലക്ഷം പേരെ നിയമിക്കാന്‍ കേന്ദ്ര തീരുമാനം. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് സുപ്രധാനമായ തീരുമാനം എടുത്തത്. പല വകുപ്പുകളിലായിട്ടാണ് നിയമനം നടത്തുക. ഏതൊക്കെ വകുപ്പുകളിലാണ് ഒഴിവുകളുള്ളത്, ഏതൊക്കെ വകുപ്പുകളിലാണ് നിയമനം നടക്കാന്‍ പോകുന്നത് എന്നത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്ത് വിടും.
എല്ലാ വകുപ്പുകളിലേയും മന്ത്രാലയങ്ങളിലേയും മാനവവിഭവശേഷി സ്ഥിതി നേരിട്ട് അവലോകനം ചെയ്ത ശേഷമാണ് നിയമനത്തിന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. 10 ലക്ഷം നിയമനങ്ങള്‍ മിഷന്‍ മോഡില്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ട്വിറ്ററിലൂടെ നിയമന വിവരം പുറത്തുവിട്ടത്. ഏപ്രിലില്‍ സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി, വകുപ്പുകളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം, കൗമാരക്കാര്‍ക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരമൊരുക്കുന്ന പുതിയ പദ്ധതിയും മൂന്ന് സേനാ മേധാവികളും ചേര്‍ന്ന് പ്രഖ്യാപിക്കും. അഗ്‌നിപഥ് എന്ന പേരിലുള്ള ഈ പദ്ധതിയിലൂടെ കൗമാരക്കാര്‍ക്ക് നാല് വര്‍ഷം സൈനിക സേവനം നടത്താന്‍ സാധിക്കും. പ്രതിരോധ സേനയുടെ ചെലവും പ്രായപരിധിയും കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ പദ്ധതി. ഓരോ വര്‍ഷവും 50,000 ലധികം പേരെ ഇത്തരത്തില്‍ നിയമിക്കും. ആറ് മാസത്തെ പരിശീലനം നല്‍കും. മുപ്പതിനായിരം രൂപയെങ്കിലും പ്രതിമാസ ശമ്പളമായി നല്‍കുമെന്നാണ് സൂചന.
Post Your Comments