
ന്യൂഡൽഹി: നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ചൈന. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും, പ്രശ്നം ശരിയായി പരിഹരിക്കുമെന്ന് കരുതുന്നുവെന്നും ചൈന പ്രസ്താവന ഇറക്കി. നൂപുർ ശർമ്മയുടെ പരാമർശത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരിക്കുന്നതിൽ നിന്ന് ഇതുവരെ വിട്ടുനിൽക്കുകയായിരുന്നു ചൈന. മറ്റ് രാജ്യങ്ങൾ എതിർപ്പ് അറിയിച്ച് രംഗത്ത് വന്ന്, വിവാദം കെട്ടടങ്ങിയ സാഹചര്യത്തിലാണ് പ്രവാചക നിന്ദ വീണ്ടും ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയിൽ പെടുത്താനായി ചൈന ശ്രമിച്ചിരിക്കുന്നത്.
Also Read:മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം, സുരക്ഷ ശരിയായ തീരുമാനം: കോടിയേരി
വിവിധ നാഗരികതകളും മതങ്ങളും പരസ്പരം ബഹുമാനിക്കുകയും തുല്യരായി ഒരുമിച്ച് ജീവിക്കുകയും ചെയ്യണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റേതായിരുന്നു പ്രതികരണം. ഉയിഗൂർ മുസ്ലീം വിഭാഗത്തിൽപ്പെട്ട ന്യൂനപക്ഷങ്ങളെ ക്യാമ്പുകളിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിക്കുന്ന ചൈനീസ് ഭരണകൂടം കഴിഞ്ഞ ദിവസമാണ് നൂപുർ ശർമ്മയുടെ വിവാദ പരാമർശത്തിൽ പ്രസ്താവന ഇറക്കിയത്.
‘വിഷയം ശരിയായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിവിധ നാഗരികതകളും വ്യത്യസ്ത മതങ്ങളും പരസ്പരം ബഹുമാനിക്കുകയും, തുല്യനിലയിൽ സഹവർത്തിത്വം പുലർത്തുകയും ചെയ്യണമെന്നാണ് ചൈന വിശ്വസിക്കുന്നത്. അഹങ്കാരവും മുൻവിധിയും ഉപേക്ഷിക്കേണ്ടത് പ്രധാനമാണ്. കൂടാതെ, സ്വന്തം നാഗരികതയെയും മറ്റ് നാഗരികതകളിൽ നിന്നുള്ള വ്യത്യാസങ്ങളെയും കുറിച്ചുള്ള തിരിച്ചറിവും ധാരണയും ആഴത്തിലാക്കണം’, ചൈനീസ് വക്താവ് വാങ് വെൻബിൻ പ്രതികരിച്ചു.
മുസ്‌ലിംകളോടുള്ള നയങ്ങളുടെ പേരിൽ ചൈന പല രാജ്യങ്ങളിൽ നിന്നായി രൂക്ഷ വിമർശനത്തിന് വിധേയമാകുന്നതിനിടെയാണ്, ബെയ്ജിംഗിൽ നിന്നുള്ള ഈ പ്രസ്താവനയെന്നതും ശ്രദ്ധിക്കേണ്ടതാണ്. ലക്ഷക്കണക്കിന് ഉയിഗൂറുകളെ ‘പുനർ വിദ്യാഭ്യാസ’ ക്യാമ്പ് എന്ന പേരിൽ കൂട്ടിലടച്ച് ക്രൂരമായി പീഡിപ്പിക്കുന്ന ചൈനയാണ്, പ്രവാചക നിന്ദയിൽ മതേതരത്വം സംസാരിക്കുന്നതെന്നത് വിചിത്രമാണ്. ചൈനയിലെ മുസ്‌ലിം സമുദായത്തിൽ നിന്നുള്ള ആളുകൾ യാതൊരു അടിസ്ഥാനവുമില്ലാതെ ആക്രമിക്കപ്പെടുകയും പിടിക്കപ്പെടുകയും ചെയ്യുകയാണ്. കുറ്റവാളികളെപ്പോലെയാണ് ഇക്കൂട്ടരെ ചൈനീസ് സർക്കാർ പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ പാശ്ചാത്യ മാധ്യമങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ആഴ്ച കുറഞ്ഞത് 18 രാജ്യങ്ങളെങ്കിലും ഇന്ത്യൻ പ്രതിനിധികളെ വിളിച്ചുവരുത്തുകയോ പ്രവാചക നിന്ദയിൽ അപലപിക്കുകയോ ചെയ്തിട്ടുണ്ട്. ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളിൽ കുവൈറ്റ്, ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങൾ രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പ്രസ്താവന വിവാദമായതോടെ നൂപുർ ശർമ്മയെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.
Post Your Comments