തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്റെ ആരോപണം പൊളിഞ്ഞുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥന്‍. മദ്യപിച്ചോ എന്ന പരിശോധന പോലും നടത്താൻ പോലീസും ഡോക്ടർമാരും തയ്യാറാവാത്തത് അതുകൊണ്ടാണ്. സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെ അങ്ങോട്ട് പോയി ഇ പി ജയരാജന്‍ ആക്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
അങ്ങനെയെങ്കില്‍ ഇ പി ജയരാജന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിവരുമെന്നും ശബരീനാഥന്‍ പറഞ്ഞു. അക്രമം നടത്തിയ ജയരാജനെതിരെ കേസെടുക്കാതെ വിമാനത്തിൽ പ്രതിഷേധിച്ച യുവാക്കൾക്കെതിരെ കേസെടുത്തതിൽ ദുരൂഹതയുണ്ടെന്ന് ശബരീനാഥൻ പറഞ്ഞു. നവീന്‍ കുമാര്‍, ഫര്‍സിന്‍ മജീദ്, സുമിത് നാരായണന്‍ എന്നിവര്‍ക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്.
വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിഷേധക്കാര്‍ മദ്യലഹരിയിലായിരുന്നു എന്നായിരുന്നു ഇ പി ജയരാജന്റെ ആരോപണം. എന്നാല്‍ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നു പ്രതിഷേധക്കാരില്‍ ഒരാളായ ഫര്‍സീന്‍ മജീദ് പ്രതികരിച്ചിരുന്നു.
Post Your Comments