Latest NewsKeralaNews

കോൺഗ്രസ് സർക്കാരിന്റെ മൗനാനുവാദത്തോടെ ബാബറി മസ്ജിദ് പൊളിച്ചുകൊണ്ട് ജനങ്ങളെ ബി.ജെ.പി മതാടിസ്ഥാനത്തിൽ വിഭജിച്ചു:എം.എ ബേബി

ഇന്ത്യയുടെ സാമ്പത്തിക നില, മൻമോഹൻ സിംഗ് പറഞ്ഞപോലെ ഓടുന്ന വണ്ടിയുടെ ടയറിൽ വെടിവച്ചു പഞ്ചറാക്കിയത് മോദി ഭരണമാണ്.

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ ആളിക്കത്തുമ്പോൾ വിഷയത്തിൽ നിന്ന് വ്യതിചലിച്ച് എം.എ ബേബി. കോൺഗ്രസ് ആർ.എസ്.എസിൻറെ ചട്ടുകം ആവരുതെന്ന് എം.എ ബേബി.  കോൺഗ്രസ് സർക്കാരിന്റെ മൗനാനുവാദത്തോടെ ബാബറി മസ്ജിദ് പൊളിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങളെ അവർ മതാടിസ്ഥാനത്തിൽ വിഭജിച്ചുവെന്നും എം.എ ബേബി തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ കുറിച്ചു. കോൺഗ്രസിനോട് ഒരു തുറന്ന കത്ത് എന്ന തരത്തിലാണ് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പ്രിയപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ, കോൺഗ്രസിന്റെ ഒരു നേതാവ് എന്ന നിലയിൽ ഇന്ത്യൻ ജനാധിപത്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് താങ്കൾ ബോധവാനാണ് എന്നാണ് ഞാൻ കരുതുന്നത്. ഈ കാലത്ത് കേരളത്തിലെ കോൺഗ്രസ് താങ്കളുടെ നേതൃത്വത്തിൽ ആർഎസ്എസിൻറെ ചട്ടുകം ആവരുത് എന്ന് അഭ്യർത്ഥിക്കാനാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ആർഎസ്എസിൻറെ കയ്യിലെ പാവയായ ഒരു സ്ത്രീ പറയുന്ന കാര്യങ്ങൾ ഏറ്റുപിടിച്ച് കേരളത്തിലെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ തെരുവിൽ ആക്രമിക്കാൻ അണികളെ കയറൂരി വിടുക എന്നതാണോ ഇന്നത്തെ നിങ്ങളുടെ രാഷ്ട്രീയകടമ?

2025ൽ ആർഎസ്എസ് സ്ഥാപനത്തിന്റെ നൂറാം വാർഷികമാണ്. ഹിന്ദു രാഷ്ട്രം എന്ന ആർഎസ്എസ് ലക്ഷ്യം നേടുന്നതിൽ വലിയ ചുവടുവയ്പുകൾ അന്നേക്ക് നേടണം എന്നതിൽ ഈ അർധ ഫാസിസ്റ്റ് മിലിഷ്യയ്ക്ക് താല്പര്യമുണ്ട്. അതിനുള്ള നടപടികൾ ഒന്നൊന്നായി അവർ എടുത്തുവരുന്നു. ഇന്ത്യയുടെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും ആധാരശിലയായ മതനിരപേക്ഷ രാഷ്ട്രസങ്കല്പം റദ്ദു ചെയ്യുന്നതിൽ അവർ വളരെയേറെ മുന്നോട്ടുപോയി.

Read Also: ബിഹാറില്‍ മതം മാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യമില്ല: മുഖ്യമന്ത്രി

കോൺഗ്രസ് സർക്കാരിന്റെ മൗനാനുവാദത്തോടെ ബാബറി മസ്ജിദ് പൊളിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങളെ അവർ മതാടിസ്ഥാനത്തിൽ വിഭജിച്ചു. തുടർന്ന് നടന്ന വർഗീയലഹളകളെയെല്ലാം ആർഎസ്എസ് അവരുടെ സങ്കുചിത രാഷ്ട്രീയവീക്ഷണം പരത്താനാണ് ഉപയോഗിച്ചത്. ഗുജറാത്തിൽ നടത്തിയ ലഹള അടക്കമുള്ള കൂട്ടക്കൊലകൾ ഉപയോഗിച്ച് ബിജെപി ഇന്ത്യയിലെ ഭരണകക്ഷിയായി.

ജമ്മു കശ്മീരിൻറെ പ്രത്യേക പദവി എടുത്തുകളഞ്ഞ് അതിനെ ഒരു കേന്ദ്രഭരണപ്രദേശമായി തരംതാഴ്ത്തുക പൗരത്വാവകാശത്തിൽ ന്യുനപക്ഷങ്ങൾക്ക് നേരെ വിവേചനം കൊണ്ടുവരിക എന്നിവയിൽ തുടങ്ങി നിത്യജീവിതത്തിൽ മതന്യൂനപക്ഷത്തിൽ പെടുന്നവരെയും മനുഷ്യാവകാശങ്ങൾ ക്കുവേണ്ടി പ്രവർത്തിക്കുന്നവരെയും ദലിത്- പിന്നോക്ക വിഭാഗങ്ങളെയും തൊഴിലാളികളെയും വിദ്യാർത്ഥികളെയും ബുദ്ധിജീവികളെയും അരക്ഷിതരാക്കുന്നതിൽ എത്തിനില്ക്കുകയാണ് ആർഎസ്എസുകാർ നടത്തുന്ന ഭരണം. കൂടുതൽ പള്ളികൾ പൊളിച്ച് കൂടുതൽ രക്തച്ചൊരിച്ചിൽ ഉണ്ടാക്കാൻ അവർ പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു. ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിച്ച് ന്യൂനപക്ഷമതാവകാശങ്ങളുടെയും ആദിവാസികളുടെയും മറ്റ് പാർശ്വവല്കൃതരുടെയും സാമൂഹ്യജീവിതം ക്രിമിനലൈസ് ചെയ്യാനും അവർ ശ്രമിക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക നില, മൻമോഹൻ സിംഗ് പറഞ്ഞപോലെ ഓടുന്ന വണ്ടിയുടെ ടയറിൽ വെടിവച്ചു പഞ്ചറാക്കിയത് മോദി ഭരണമാണ്. താങ്ങാനാവാത്ത വിലക്കയറ്റവും ഒരിക്കലുമില്ലാത്ത തൊഴിലില്ലായ്മയും രാജ്യത്തെ ശ്വാസം മുട്ടിക്കുമ്പോൾ ഇസ്ലാം മതപ്രവാചകനെ നിന്ദിച്ചു പ്രകോപനം ഉണ്ടാക്കി രാജ്യത്തെ അടിയന്തര പ്രശ്നം ഹിന്ദു-മുസ്ലിം തർക്കം ആക്കാനുള്ള ഗൂഡപദ്ധതിയിലാണ് സംഘപരിവാർ. ഇത് എഴുതുമ്പോൾ ഉത്തരപ്രദേശിൽ പ്രയാഗ്രാജിൽ (അലഹബാദ്) ജെഎൻയുവിലെ ഒരു വിദ്യാർത്ഥിനി നേതാവിന്റെ വീട് ബുൾഡോസർ ഇറക്കി ഇടിച്ചു നിരത്തുകയാണ്. പ്രവാചകനിന്ദയ്ക്കെതിരെ പ്രതികരിച്ചു എന്ന കുറ്റത്തിന് കേസും കോടതിയും വിചാരണയും ഇല്ലാതുള്ള ശിക്ഷ നടപ്പാക്കൽ! നമ്മുടെ രാജ്യത്തിൻറെ ജനാധിപത്യം ഈ വെല്ലുവിളി നേരിടുമ്പോൾ കോൺഗ്രസിന് ഏറ്റവും കൂടുതൽ പാർലമെന്റ് അംഗങ്ങളെ നല്കിയ കേരളത്തിലെ കോൺഗ്രസ് എന്താണ് ചെയ്യുന്നത്? ഇരുപതിൽ പത്തൊമ്പത് എംപിമാരെ നിങ്ങളുടെ മുന്നണിക്ക് തന്നത് അർധഫാസിസ്റ്റ് വാഴ്ചയ്ക്ക് എതിരെ നിങ്ങൾ ഒരു ശക്തി ആവും എന്ന് തെറ്റിദ്ധരിച്ചാണ്. പക്ഷേ, നിങ്ങൾ ആർഎസ്എസുമായി ഗൂഢാലോചന നടത്തി അവരോടൊപ്പം തെരുവിൽ അഴിഞ്ഞാട്ടം നടത്തുകയാണ്.

കേരളത്തിലെ ഉന്നതരാഷ്ട്രീയബോധത്തെക്കുറിച്ച് എന്തെങ്കിലും മതിപ്പ് ഉണ്ടെങ്കിൽ ഇത്തരം ദുരന്തനാടകങ്ങൾ അവസാനിപ്പിക്കണമെന്നും ഒന്നാമത്തെ കടമ ആർഎസ്എസിനെതിരായ പോരാട്ടമാണെന്ന് തീരുമാനിക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.
ആദരപൂർവ്വം,

shortlink

Related Articles

Post Your Comments

Related Articles


Back to top button