അബുദാബി: ഇത്തിഹാദ് എയർവേയ്സിൽ ഇനി വളർത്തുമൃഗങ്ങളെയും അനുവദിക്കും. ചെറിയ നായ, പൂച്ച എന്നിവയെയാണ് യാത്രാവിമാനത്തിൽ അനുവദിക്കുക. വളർത്തുമൃഗങ്ങളെ കൊണ്ടു പോകാനായി യാത്രയ്ക്ക് 72 മണിക്കൂറിന് മുൻപ് ഇത്തിഹാദ് വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യണം. യാത്രാ യോഗ്യമാണെന്ന മൃഗഡോക്ടറുടെ സാക്ഷ്യപത്രവും രാജ്യാന്തര നിയമം അനുസരിച്ചുള്ള യാത്രാ രേഖകളും ചെക് ഇൻ സമയത്ത് ഹാജരാക്കണം. കൂടിന്റെയും മൃഗത്തിന്റെയും ഭാരം 8 കിലോയിൽ കൂടാൻ പാടില്ലന്നാണ് നിബന്ധന.
6 മണിക്കൂറിൽ കുറവുള്ള യാത്രയ്ക്ക് 550 ദിർഹവും 6 മണിക്കൂറിൽ കൂടുതലുള്ള യാത്രയ്ക്ക് 920 ദിർഹവുമാണ് (19581 രൂപ) നിരക്ക്. സീറ്റിനടിയിലായിരിക്കും ഇവയുടെ സ്ഥാനം. പ്രത്യേക സീറ്റ് വേണമെങ്കിൽ അധിക തുക നൽകി ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
മൃഗത്തിന്റെ പേര്, ഇനം, ജനന തീയതി, മൈക്രോ ചിപ് നമ്പർ, ഹെൽത്ത് സർട്ടിഫിക്കറ്റ്, വാക്‌സിൻ സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. യാത്രയ്ക്ക് 10 ദിവസത്തിനകം വെറ്റിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ഫിറ്റ് ടു ട്രാവൽ സർട്ടിഫിക്കറ്റ് വേണമെന്നും നിർദ്ദേശമുണ്ട്.
Post Your Comments