തിരുവനന്തപുരം: കറുപ്പിനോട് ഭയം പിണറായിക്ക് മാത്രമല്ല ഉമ്മൻചാണ്ടിക്കും ഉണ്ടായിരുന്നെന്ന് സൈബർ സിപിഎം പ്രചാരണം. 2011ല്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി പ്രതിഷേധം ഭയന്ന് ആദിവാസി സ്ത്രീകളുടെ കച്ച അഴിപ്പിച്ച പൊലീസ് നടപടിയുടെ നിയമസഭാ രേഖ ഇവർ പുറത്തുവിട്ടു. ആദിവാസി സ്ത്രീകളുടെ കച്ച അഴിപ്പിച്ചതിനെക്കുറിച്ച് കെ രാധാകൃഷ്ണന്റെ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. കെ രാധാകൃഷ്ണന്റെ ചോദ്യം ഇങ്ങനെ:
‘വയനാട്ടില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷ സംവിധാനത്തിന്റെ പേരില്‍ ആദിവാസി സ്ത്രീകളുടെ കച്ച അഴിപ്പിച്ച പൊലീസ് നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ.’
സംഭവത്തിൽ, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി ഇങ്ങനെ: ‘16.09.11ലെ മുഖ്യമന്ത്രിയുടെ വയനാട് ജില്ലാ സന്ദര്‍ശന വേളയില്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ വേദിയിലേക്ക് പോയ ആദിവാസി സ്ത്രീകളില്‍ മൂന്ന് പേര്‍ മേല്‍ വസ്ത്രത്തിന് പുറമേ കറുത്ത തുണി അരയില്‍ കച്ചയായി ധരിച്ചത് കാണപ്പെട്ടു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് അവഹേളിക്കുവാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാപരമായ കാരണങ്ങളാല്‍ തല്‍ക്കാലത്തേക്ക് പ്രസ്തുത കച്ച ഒഴിവാക്കുവാന്‍ തല്‍സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാര്‍ അഭ്യര്‍ത്ഥിച്ചതിന്‍ പ്രകാരം ആദിവാസി സ്ത്രീകള്‍ സ്വമേധയാ കച്ച ഒഴിവാക്കിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.’
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയെന്ന പ്രചരണത്തിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ ‘കറുപ്പിനോടുള്ള വിരോധവും’ സൈബര്‍ സിപിഐഎം ആയുധമാക്കുന്നത്. എന്നാൽ ഒറ്റപ്പെട്ട ആ സംഭവം പോലെയല്ല കേരളത്തിൽ അങ്ങോളമിങ്ങോളം പിണറായി വിജയൻ നടത്തുന്നതെന്നാണ് ഇതിന്റെ മറുപടിയായി സൈബർ കോൺഗ്രസുകാർ നൽകുന്ന മറുപടി.
Post Your Comments