കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. മുഖ്യമന്ത്രി ജനങ്ങളെ പോലും ഭയക്കുന്നത് തെറ്റ് ചെയ്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ പറഞ്ഞു. ‘മുഖ്യമന്ത്രി പിണറായി വിജയന് സ്വർണ്ണക്കള്ളക്കടത്തിലും കറൻസിക്കടത്തിലും നേരിട്ട് ബന്ധമുണ്ടെന്നാണ് സ്വപ്ന സുരേഷിൻ്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുന്നത്.’ അത്തരമൊരു കള്ളക്കടത്തുകാരനെ മുഖ്യമന്ത്രിസ്ഥാനത്തു തുടരാൻ ബിജെപി അനുവദിക്കില്ലെന്ന് എ.എൻ. രാധാകൃഷ്ണൻ പ്രസ്താവിച്ചു.
സ്വർണ്ണക്കള്ളക്കടത്തു കേസ്സിൽ ആരോപണ വിധേയനായ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ മേനക ജംഗ്ഷനിൽ നടന്ന സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുഖ്യമന്ത്രി ജനങ്ങളെ ഭയക്കുകയാണ്. സുരക്ഷയുടെ പേരിൽ ജനങ്ങളെ ദ്രോഹിക്കുകയാണ്. എട്ടുകിലോ മീറ്റർ പരിധിയിൽ കാൽനടക്കാരെ പോലും അനുവദിക്കുന്നില്ല. കറുത്തമാസ്ക് ധരിച്ചവരെ പോലീസ് അറസ്റ്റു ചെയ്യുന്നു.’ ഇത്തരം ജനദ്രോഹനടപടികൾ അനുവദിച്ചു കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണ്ണക്കടത്തു കേസ്സിൽ പ്രതിയായ സ്വപ്ന സുരേഷ് 164 വകുപ്പു പ്രകാരം കോടതിയിൽ കൊടുത്ത മൊഴിയിൽ ഗൂഢാലോചന, സമൂഹത്തിൽ കലാപമുണ്ടാക്കാനുള്ള ശ്രമം എന്നിവ ചാർജ് ചെയ്ത് പോലീസ് കേസ്സെടുത്തിരിക്കുകയാണ്. എ.ഡി.ജി.പി.യുടെ നേതൃത്യത്തിലുള്ള വൻ പോലീസ് സംഘമാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ശബ്ദിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി..
ബിജെപി ജില്ലാ പ്രസിഡണ്ട്. എസ്. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.കെ.എസ്. രാധാകൃഷ്ണൻ ,ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ് , അഡ്വ. ടി.പി. സിന്ധുമോൾ, മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ.എസ്. മേനോൻ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സമിതിയംഗങ്ങളായ എൻ.പി. ശങ്കരൻകുട്ടി, സി.ജി.രാജഗോപാൽ, ജില്ലാ ജന.സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, മേഖലാ വൈസ് പ്രസിഡണ്ട് എം.എൻ. മധു, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.പി. സജീവ്, എം.എൽ. ജയിംസ്, ജില്ലാ സെൽ കൺവീനർ ആർ. സജികുമാർ, കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് വി.എസ്. സത്യൻ എന്നിവർ നേതൃത്വം നൽകി.
Post Your Comments