ഉപ്പാക്ക് കമൽ ഹാസനെ ഭയങ്കര ഇഷ്ടമായിരുന്നു. എന്നാൽ, ഏതാ ഇയാള് പാട്ടും പാടി ചാടി മറിഞ്ഞു നടക്കുന്ന ഒരു കിളി എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. മിക്കപ്പോഴും ഈറ്റ സിനിമയുടെ സിഡിയും, ഗുണ സിനിമയുടെ സിഡിയും വാങ്ങിക്കൊണ്ടുവന്ന് ഡിവിഡി പ്ലയർ ഒരാഴ്ചത്തേയ്ക്ക് വാടകയ്ക്ക് എടുക്കാറുണ്ട്. കണ്ട് കണ്ട് കുടുംബം മുഴുവൻ മടുത്താലും ഉപ്പ വീണ്ടും അത് തന്നെ റിപീറ്റ് അടിച്ചുകൊണ്ടിരിക്കും. ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, കല്യാണം കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ ഉപ്പാന്റെ മുറി തുറന്ന ഉമ്മ ആദ്യം കണ്ടത് കമൽ ഹാസന്റെ നാനയിൽ നിന്നും മറ്റും വെട്ടിയെടുത്ത വലിയ ചിത്രങ്ങളുടെ ഒരു നിരയായിരുന്നെന്ന്. ഓരോ വെള്ളിയാഴ്ച്ചയും അമ്പാടി ടാക്കീസിൽ ഉപ്പ പോകും, ഒരൊറ്റ സിനിമയും അങ്ങേര് മുടക്കില്ല. കമലിന്റെ സിനിമയാണെങ്കിൽ പിന്നെ പറയണ്ട വീണ്ടും വീണ്ടും ആവർത്തിച്ച് അത് തന്നെ പോയി കണ്ടുകൊണ്ടിരിക്കും.
ഇതിന് മാത്രം അയാൾക്ക് എന്തുണ്ട് ഉപ്പാ?
ഞങ്ങടെ ലാലേട്ടന്റെ ഒക്കെ ഏഴയലത്ത് വരുമോ ഈ കമൽ ഹാസൻ?
അതിന് ഉപ്പ പറഞ്ഞ മറുപടി ഇങ്ങനെയാണ്.
എനിക്ക് മോഹൻലാലിനെ ഇഷ്ടമല്ലെന്ന് ആരാണ് പറഞ്ഞത്, മോഹൻലാലും മമ്മൂട്ടിയുമൊക്കെ നല്ല നടന്മാര് തന്നെയാണ്, പക്ഷെ കമൽ ഹാസനിൽ എന്തോ ഒരു പ്രത്യേകതയുണ്ട്. അവ്വയ് ഷണ്മുഖി, തെന്നാലി, അൻപേ ശിവം ഇതൊക്കെ കമൽ വിചാരിച്ചാൽ മാത്രം നടക്കുന്ന സിനിമകളാണ്. അതുപോലെ മോഹൻലാലും മമ്മൂട്ടിയും മാത്രം വിചാരിച്ചാലെ നടക്കൂ എന്ന സിനിമകളും ഉണ്ട്. പക്ഷെ എന്തോ കമലിനെ ഇഷ്ടമായതല്ല, ഇഷ്ടപ്പെട്ട് പോയതാണ്.
ഞാനൊന്നും പറഞ്ഞില്ല, കാരണം ഞാൻ ഈ സിനിമകൾ ഒന്നും കണ്ടിട്ടില്ലായിരുന്നു. കല്യാണത്തിന് ശേഷം ഉപ്പാന്റെ കമൽ സിനിമകളോടുള്ള പ്രേമം ജീവിതത്തിന്റെ തിരക്കുകളിൽ പെട്ട് ഒരു ചെറിയ ഭാഗത്തേക്ക് ഒതുങ്ങി. പോകേപ്പോലെ പുതിയ സ്ഥലം, ചെറിയ വീട്, ഞാൻ ഒക്കെ ആ സ്ഥാനം ഏറ്റെടുത്തു എങ്കിലും ഇടയ്ക്ക് വെറുതെയിരിക്കുമ്പോൾ ഉപ്പ വീണ്ടും കമൽ സിനിമകളിലേക്ക് മടങ്ങും. ടിവിയിൽ കമൽ സിനിമകളെ തിരയും, ചാനൽ മാറി മാറി നോക്കും. ഏതെങ്കിലും ഒന്ന് കണ്ടെത്തിയാലോ കുറച്ചു കാണുമ്പോഴേക്കും അനിയത്തിയുടെ ഡോറ പ്രണയവും അനിയന്റെ ഹോളിവുഡ് ഭ്രമവും, എന്റെ മലയാള സിനിമാ സ്വപ്നങ്ങളും അതിനെ വീണ്ടും വഴി തിരിച്ചു വിടും. മലയാള സിനിമകളെക്കാൾ ഉപ്പാക്ക് ഇഷ്ടം തമിഴ് സിനിമകളായിരുന്നു. ഒരിക്കൽ മേലാസകലം പൊള്ളലേറ്റ ഒരു പെൺകുട്ടിയെ ചാക്കുകൊണ്ട് പൊതിഞ്ഞു തീ കെടുത്തി കിലോമീറ്ററോളം നടന്ന് ഹോസ്പിറ്റലിൽ എത്തിച്ച ആളാണ് ഉപ്പ. ആ കുട്ടിയുടെ അമ്മയും മറ്റു ബന്ധുക്കളും ഇപ്പോഴും ഉപ്പയെ ഒരു സൂപ്പർ ഹീറോയായിട്ടാണ് കാണുന്നത്. ഉപ്പയുടെ ഈ പരസഹായ സ്വഭാവം ഉടലെടുത്തത് തമിഴ് സിനിമകളിൽ നിന്നായിരുന്നു എന്ന് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്.
ഉപ്പ മരിച്ച് മൂന്ന് നാല് വർഷം കഴിഞ്ഞിട്ടും ഞാൻ ഒരു കമൽ സിനിമ പോലും കണ്ടിട്ടില്ലായിരുന്നു. കാണുമ്പോഴൊക്കെ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോകുമായിരുന്നു. പക്ഷെ, ഹൈദ്രാബാദിലേക്കുള്ള ഒരു യാത്രയിൽ വച്ച് എനിയ്ക്ക് ഹേയ് റാം എന്ന സിനിമ കാണേണ്ടി വന്നു. അക്ഷരാർത്ഥത്തിൽ എനിക്കൊരു നഷ്ടബോധം ഉടലെടുത്തു. ഈ മനുഷ്യനെ എന്തുകൊണ്ട് ഞാൻ ഇത്രകാലം കാണാതെ പോയി എന്ന തോന്നലായിരുന്നു ഉള്ളിൽ. അതേ സിനിമ തന്നെ തിരിച്ചുള്ള യാത്രയിൽ വീണ്ടും കണ്ടപ്പോൾ ഒരു സിനിമയെ അയാൾ പ്ലേസ് ചെയ്യുന്ന രീതി, കാലത്തിനു അതിന്റെ അവശ്യകത എല്ലാം എനിക്ക് മനസ്സിലായി. തുടർന്ന് 40 പ്രാവശ്യമാണ് ഞാൻ നീ പാർത്ത പാർവയ്ക്കൊരു നന്ദ്രി എന്ന പാട്ട് കേട്ടത്, ആ പാട്ടിന്റെ വരികൾ എഴുതിയത് കമലാണെന്ന് കണ്ടപ്പോൾ ഭ്രമം കൂടുകയാണുണ്ടായത്. പിന്നീട് തിരഞ്ഞു പിടിച്ചു കമൽ സിനിമകൾ കണ്ടു, ആകെ മൊത്തം ഒരു കമൽ മയമായിരുന്നു അപ്പോൾ ജീവിതത്തിന്.
ആ മയങ്ങൾക്കിടയിലേക്കാണ് ആരുടേയും ഫാനല്ലാത്ത എന്നേ ഫാൻ ബോയ് ആക്കാൻ വിക്രം കടന്ന് വരുന്നത്. നാല് മണിയ്ക്കുള്ള ഷോയ്ക്ക് മാൾ ഓഫ് ട്രാവൻകോറിൽ ബുക്ക് ചെയ്തപ്പോൾ, മനസ്സിൽ നിറയെ ഉപ്പയായിരുന്നു. അങ്ങേരെ ജീവിച്ചിരുന്നപ്പോൾ ഞാൻ മനസ്സിലാക്കിയിരുന്നില്ല, കുടുംബത്തെ തലയിൽ കെട്ടി വലിക്കുമ്പോൾ, നിങ്ങൾക്ക് യഥാർത്ഥത്തിൽ ആരാകാനായിരുന്നു ആഗ്രഹം എന്നും ഞാൻ ചോദിച്ചില്ല, അതിനെല്ലാം പകരമായി ഉപ്പയെന്ന ഫാൻ ബോയ്ക്ക് പകരം ഞാൻ വിക്രം ആദ്യ ദിവസം തന്നെ തിയേറ്ററിൽ കാണുമെന്നു മുൻപേ ഉറപ്പിച്ചു. തിയേറ്ററിൽ എത്തി സീറ്റിൽ ഇരുന്നപ്പോൾ പങ്കാളി ചോദിച്ചത് ഒരു മലയാള സിനിമയ്ക്ക് തമിഴ്നാട്ടിൽ കിട്ടുമോ ഇത്രയും വലിയ സ്വീകരണം എന്നാണ്. ഞാൻ പലപ്പോഴും വണ്ടർ അടിച്ചു പോയത് കമലിന്റെ സ്ക്രീൻ പ്രെസൻസ് കണ്ടിട്ടാണ്. ഓരോ ഇമോഷൻസും അത്രയും കൃത്യമായിരുന്നു. തൊട്ടപ്പുറത്ത് ഫഹദ് മുതൽ സൂര്യ വരെ തകർത്ത് നിന്നിട്ടും ഞാൻ ഒടുക്കം വരെ കമൽ ഹാസനെ നോക്കി. ഇരുപത് വർഷങ്ങൾക്ക് മുൻപ് ഞാൻ ഉപ്പയോട് ചോദിച്ച ആ ചോദ്യത്തിന് സാക്ഷാൽ കമൽ ഹാസൻ തന്നെ എനിക്ക് നേരിട്ട് ഉത്തരം തന്നു. ഇപ്പോൾ കണ്ടത് തന്നെയാണ് അയാളുടെ പ്രത്യേകത. ഇഷ്ടമാണ് എന്നുള്ളതും ഇഷ്ടപ്പെട്ട് പോയി എന്നുള്ളതും തമ്മിലുള്ള വ്യത്യാസം ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.
-സാൻ
Post Your Comments