Latest NewsKeralaNews

പരിസ്ഥിതിലോല മേഖല സംസ്ഥാന താല്‍പര്യം സംരക്ഷിക്കും: എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് പരസ്പരവിരുദ്ധമാണെന്ന പ്രചരണം തെറ്റായിട്ടുള്ളതും സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുന്നതുമാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.

2019-ല്‍ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിര്‍ദ്ദേശിക്കപ്പെടുന്ന സ്ഥലങ്ങളില്‍ സംരക്ഷിത പ്രദേശത്തിന് ചുറ്റുമുള്ള നിലവിലുള്ള വന പ്രദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയിരുന്നു.

2018 ജൂലൈ – ആഗസ്റ്റ് മാസങ്ങളില്‍ കേരളം അഭിമുഖീകരിച്ച പ്രളയക്കെടുതി പാരസ്ഥിതിക ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെ വിലയിരുത്തിയിട്ടുണ്ട്. പരിസ്ഥിതിലോല / ദുര്‍ബ്ബലമായ വനമേഖലയുടെ സമീപപ്രദേശങ്ങളിലെ ഖനനവും, അനിയന്ത്രിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കെടുതികള്‍ക്ക് ആക്കം കൂട്ടിയിരുന്നു. അതിനാല്‍, അനധികൃത നിര്‍മ്മാണം, പുതിയ മലിനീകരണ വ്യവസായങ്ങള്‍ ജനവാസമേഖലകളില്‍ അനിയന്ത്രിതമായ ക്വാറി തുടങ്ങിയവ നിയന്ത്രിക്കുന്നതിന് ഇക്കോ സെന്‍സിറ്റീവ് സോണിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യം പ്രളയക്കെടുതികളോട് അനുബന്ധിച്ച് നിലവിലുണ്ടായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

‘ഉത്തരവില്‍ ഒരു സ്ഥലത്തും ഒരു കി.മീ പരിധി നിര്‍ബന്ധമായും ഇക്കോ സെന്‍സിറ്റീവ് സോണ്‍ മേഖലയാക്കണം എന്ന കര്‍ശന വ്യവസ്ഥ ഇല്ല. ഇക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുമ്പോള്‍ നേരിട്ട് സ്ഥല പരിശോധന നടത്തുകയും ഉരുള്‍പൊട്ടല്‍ സാധ്യത ഉള്‍പ്പെടെയുള്ള ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ അത്യാവശ്യമെങ്കില്‍ ഇക്കോ സെന്‍സിറ്റീവ് സോണില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കേണ്ടി വരുമോ എന്ന് ഉദ്യോഗസ്ഥരുടെ ഫീല്‍ഡ് പരിശോധനയില്‍ ശ്രദ്ധിക്കുന്നതിനാണ് ഈ പൊതു നിര്‍ദ്ദേശം ഉത്തരവില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, ഫീല്‍ഡ് ഇന്‍സ്‌പെക്ഷന്‍ നടത്തിയപ്പോള്‍ വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന ജനവാസമേഖലകളില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത സാധ്യത ഇല്ല എന്ന് കാണുകയും ജനവാസ മേഖല പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് 22 വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിയ്ക്കുകയും ചെയ്തു.

വസ്തുതകള്‍ ഇതായിരിക്കെ, ജനവാസ മേഖല ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഒരു കി.മീ. പരിധിയില്‍ പരിസ്ഥിതി സംവേദക മേഖല നിര്‍ണ്ണയിക്കും എന്നും ജനങ്ങള്‍ സ്ഥലത്തു നിന്നും ഒഴിഞ്ഞു പോകേണ്ടി വരും എന്ന രീതിയില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറേണ്ടതാണ്.  സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് കേരളത്തിന് മാത്രം ബാധകമായിട്ടുള്ളതല്ല എന്നും ഇത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമാണെന്നും ബന്ധപ്പെട്ട എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ജനവാസ മേഖലകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തുകയില്ല എന്ന് സര്‍ക്കാര്‍ ഊന്നി പറഞ്ഞിട്ടുള്ളതും ഇതിനായി നിയമ നടപടികള്‍ ഉള്‍പ്പെടെ ആവശ്യമായ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയുമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ടതാണ്’- അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button