ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് നെയ്യ്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ എ, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയെല്ലാം ഉയര്‍ന്ന അളവില്‍ നെയ്യില്‍ അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നത് മുതല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വരെ നെയ്യ് സഹായിക്കും. വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിരിക്കുന്ന നെയ്യ് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം ഗുണം ചെയ്യും.
ചര്‍മ്മ സംരക്ഷണത്തിനായി വിവിധ രീതിയില്‍ നെയ്യ് ഉപയോഗിക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം..
വരണ്ടുണങ്ങിയ ചുണ്ടുകള്‍ക്ക് മികച്ചതാണ് നെയ്യ്. ചുണ്ടുകള്‍ക്ക് ഭംഗി കൂട്ടാന്‍ എല്ലാ ദിവസവും ഉറങ്ങുന്നതിന് മുമ്പ് ഒരല്പം നെയ്യ് എടുത്ത് ചുണ്ടുകളില്‍ പുരട്ടി ചെറുതായി മസാജ് ചെയ്ത് കൊടുക്കാവുന്നതാണ്. ഇത് പതിവായി ചെയ്യുന്നത് നിങ്ങളുടെ ചുണ്ടുകളുടെ വരള്‍ച്ച മാറാനും ചുണ്ടുകള്‍ കൂടുതല്‍ മനോഹരമാകാനും സഹായിക്കും.
ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാനും നെയ്യ് ഉപയോഗിക്കുന്നത് നല്ലതാണ്. വിറ്റാമിന് ഇ ധാരാളം അടങ്ങിയിരിക്കുന്ന നെയ്യ് നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ സഹായിക്കും. വെളിച്ചെണ്ണയില്‍ ഒന്നോ രണ്ടോ സ്പൂണ്‍ നെയ്യ് ചേര്‍ത്ത് മിശ്രിതമാക്കി ശരീരത്തില്‍ നന്നായി മസാജ് ചെയ്യാം. 15 മിനിറ്റിന് ശേഷം ചെറു ചൂട് വെള്ളത്തില്‍ കുളിക്കാം. വരണ്ട ചര്‍മ്മമുള്ളവര്‍ക്കും ഇത് ഒന്നാന്തരം പരിഹാരമാണ്.
വിണ്ടുകീറിയ പാദങ്ങളാണ് പലരുടെയും പ്രശ്‌നം. ഇതിനുള്ള പരിഹാരം കൂടിയാണ് നെയ്യിന്റെ ഉപയോഗം. ഉറങ്ങുന്നതിന് മുന്‍പ്, പാദങ്ങളില്‍ നെയ്യ് പുരട്ടാം.
നെയ്യില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ തലമുടി മൃദുലമാകാന്‍ സഹായിക്കും. ഓരോ മുടിയിഴകളിലും നെയ്യ് നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം വീര്യം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം. ഇത് തലമുടിക്ക് കൂടുതല്‍ തിളക്കം ലഭിക്കാന്‍ സഹായിക്കും.
മേക്കപ്പിലെ കെമിക്കലുകള്‍ ചര്‍മ്മത്തിന് കേടുവരുത്തുമെന്ന് എല്ലാവര്‍ക്കും അറിയാലോ. അതിനാല്‍, രാത്രി ഉറങ്ങുന്നതിന് മുന്‍പ് തന്നെ മേക്കപ്പ് പൂര്‍ണ്ണമായും മാറ്റണം. മുഖത്തെ മേക്കപ്പ് മാറ്റാനും നെയ്യ് ഉപയോഗിക്കാം. നെയ്യും വിറ്റാമിന്‍ ഇ ഓയിലും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം.
Post Your Comments