ആർ.എസ്.എസുകാർ മുഴുവൻ കൊല്ലാൻ നടക്കുന്നവരാണെന്ന് കേരളത്തിലുള്ളവരോട് ആരാണ് പറഞ്ഞതെന്ന് നടി മല്ലിക സുകുമാരൻ. രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നവർ എല്ലാ പാർട്ടിയിലും ഇല്ലേയെന്നും, ഒരു പാർട്ടിയെ മാത്രം പറയുന്നത് ശരിയല്ലല്ലോ എന്നും താരം ചോദിക്കുന്നു. മറുനാടൻ മലയാളിയോടായിരുന്നു താരത്തിന്റെ പ്രതികരണം.
‘ചെറുപ്പത്തിലെ പൃഥ്വിരാജും ഇന്ദ്രജിത്തും സംഘപരിവാർ ശാഘയിൽ കുറച്ചുനാൾ പോയിരുന്നു. അത് സൂര്യനമസ്കാരവും മറ്റും പഠിക്കാൻ മാത്രമായിരുന്നു. ആർ.എസ്.എസ് മുഴുവൻ കൊല്ലാൻ നടക്കുന്നവരാണെന്ന് കേരളത്തിൽ ഉള്ളവരോട് ആരാണ് പറഞ്ഞത്? എല്ലാ പാർട്ടിയിലുമില്ലേ? എത്ര ആൾക്കാരാണ് പല പാർട്ടിയിലായി കൊല്ലപ്പെടുന്നത്. അവർ ചെയ്യുന്നതെല്ലാം ശരിയാണെന്നല്ല ഞാൻ പറഞ്ഞത്. അന്ന് ഹിന്ദു മുന്നണി ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് രാഷ്ട്രീയമായി ആക്രമണമൊന്നും ഇല്ലായിരുന്നു. ഇന്ന് കാവി കളർ സാരി ഉടുത്താൽ, അമ്പലത്തിൽ പോയി കുറി തൊട്ടാൽ ഒക്കെ സംഘിയാക്കുന്നു. ഇതൊക്കെ എന്താണ്?’, മല്ലിക സുകുമാരൻ ചോദിക്കുന്നു.
തന്റെ മക്കളുടെ ദൈവവിശ്വാസത്തെ കുറിച്ചും മല്ലിക തുറന്നു പറഞ്ഞു. പൃഥ്വിരാജിന് മതത്തെയാണ് ഇഷ്ടമല്ലാത്തതെന്നും, എന്നാൽ അദ്ദേഹം ഈശ്വര വിശ്വാസിയാണെന്നും മല്ലിക പറയുന്നു. പ്രിത്വി യുക്തിവാദി ആണെന്ന പ്രചാരണം ശരിയല്ല എന്നാണ് മല്ലിക പറയുന്നത്. യുക്തിവാദിയാണ് പൃഥ്വിരാജ് എന്നത് എല്ലാവരും വെറുതെ തെറ്റിധരിക്കുന്നതാണെന്ന് മല്ലിക വ്യക്തമാക്കുന്നു. പൃഥ്വിരാജ് ഹിന്ദു വിരുദ്ധനാണെന്ന പ്രചാരണവും മല്ലിക തള്ളിക്കളഞ്ഞു. പൃഥ്വി ഹിന്ദു വിരുദ്ധനാണെങ്കിൽ, ആദ്യം തന്നെയല്ലേ വെറുക്കേണ്ടതെന്ന് മല്ലിക ചോദിക്കുന്നു. 24 മണിക്കൂറും അമ്പലവും പൂജയുമായി നടക്കുന്ന തന്നെയല്ലേ എന്നും മല്ലിക ചിരിയോടെ ചോദിക്കുന്നു.
‘പൃഥ്വി ഇപ്പോഴും എന്നോട് ചോദിക്കും എന്തുവാ അമ്മേ നമ്മുടെ നാട്ടിൽ മാത്രമാണല്ലോ ഇങ്ങനെ എന്ന്. നമ്മുടെ നാട്ടിൽ മാത്രമെന്താ മതത്തെ ബന്ധപ്പെടുത്തിയുള്ള വഴക്കുകളും ചർച്ചകളും ഒക്കെ എന്ന് അവൻ എന്നോട് ചോദിക്കും. പൃഥ്വിരാജിനൊപ്പം ഭാര്യയും മകളും ഒരുപോലെ ദൈവ വിശ്വാസികളാണ്. പൃഥ്വി ഷൂട്ടിങിനായി പോകുന്നതിനുമുമ്പ് രാവിലെ അമ്പലത്തിൽ പോയിട്ടാണ് മിക്കപ്പോഴും പോകാറ്. ഒട്ടും സമയം ഇല്ലെങ്കിൽ എന്തെങ്കിലും കാര്യത്തിന് വൈകിട്ട് ഇവിടെ ഫ്ലാറ്റിൽ വരുകയാണെങ്കിൽ തിരിച്ച് രാവിലെ നാലുമണിക്ക് കുളിച്ച് അമ്പലത്തിൽ തൊഴുതു 6 മണിക്കുള്ള ഫ്ലൈറ്റിൽ കയറി പോകും’, മല്ലിക പറയുന്നു.
Post Your Comments