കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിൽ പുതുതായി നടപ്പാക്കിയ പദ്ധതികൾ നാടിന് സമർപ്പിച്ചു. കേരളം പഠന വിഭാഗം, ആർക്കിയോളജി ലബോറട്ടറി ബ്ലോക്ക്, ബയോടെക്നോളജി വിഭാഗത്തിന്റെ പുതിയ മന്ദിരം, ബോട്ടണി വിഭാഗം, മിയോവാക്കി ഫോറസ്റ്റ്, ഫെണറി, സിസ്റ്റമാറ്റിക് ഗാർഡൻ, ഡിജിറ്റൽ ഗാർഡൻ എന്നിവയാണ് പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികൾ. തൊഴില്ലായ്മ പൂർണ്ണമായി ഇല്ലാതാക്കാനും വൈജ്ഞാനിക സമൂഹമാക്കി കേരളത്തെ മാറ്റാനുമുള്ള വലിയ പദ്ധതികളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കി വരുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സംസ്ഥാനത്തെ വൈജ്ഞാനിക സമൂഹമാക്കുകയെന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് പ്രാധാന്യം കൊടുക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് ഡോ. ആർ. ബിന്ദു പറഞ്ഞു. ഇതിന് ആവശ്യമായ തുക ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. സർവകലാശാലകളുടെ നിലവാരം ഉയർത്തുന്ന പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കും. കേരള സർവകലാശാലയെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി മഹാദേവൻപിള്ള, സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ കെ.എച്ച് ബാബുരാജൻ, പ്രൊ വൈസ് ചാൻസലർ പി.പി അജയകുമാർ, രജിസ്ട്രാർ കെ.എസ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments