തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ജില്ലകൾക്ക് നിർദേശം നൽകി. ജലജന്യ, ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് കേസുകൾ ക്രമേണ കൂടി വരുന്നെങ്കിലും ആശങ്ക വേണ്ട. ഇപ്പോൾ പകരുന്നത് ഒമിക്രോൺ വകഭേദമാണ്. ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരും കുറവാണ്. എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണം. ധാരാളം പനി കേസുകൾ വരുന്നതിനാൽ കോവിഡ് ലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. എല്ലാ ജില്ലകളും നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകി. സംസ്ഥാനത്തെ കോവിഡിന്റേയും പകർച്ചവ്യാധികളുടേയും സ്ഥിതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
പകർച്ചവ്യാധികൾക്കെതിരെ ജില്ലകൾ ജാഗ്രത തുടരണം. സംസ്ഥാനത്ത് പനി വർദ്ധിച്ച് വരികയാണ്. പനി ബാധിക്കുന്നവർ ഏത് തരം പനിയാണെന്ന് ഉറപ്പ് വരുത്തണം. നീണ്ടു നിൽക്കുന്ന പനിക്ക് വിദഗ്ധ ചികിത്സ തേടണം. കോവിഡ് വാക്‌സിൻ ഇനിയും എടുക്കാനുള്ള എല്ലാവരും വാക്‌സിൻ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് എടുക്കാനുള്ളവരും കരുതൽ ഡോസ് എടുക്കാനുള്ളവരും എത്രയും വേഗം വാക്‌സിൻ എടുക്കേണ്ടതാണ്. എല്ലാ കുട്ടികൾക്കും വാക്‌സിൻ നൽകേണ്ടതാണ്. വാർഡ് തലത്തിൽ ആരോഗ്യ പ്രവർത്തകർ പരിശോധിച്ച് വാക്‌സിൻ എടുത്തെന്ന് ഉറപ്പാക്കണമെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടു.
എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത തുടരണം. മെഡിക്കൽ ഓഫീസർമാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കൂടുതൽ പരിശോധന നടത്തണം. പനിയും ശരീരവേദനയും ഉള്ളവർ ഡോക്ടർമാരെ കാണണം. ആശാവർക്കർമാർ ഇത് ശ്രദ്ധിക്കണം. വെക്ടർ കൺട്രോൾ യൂണിറ്റ് പ്രവർത്തനം ശക്തമാക്കണം. ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും അവലോകനം നടത്തുകയും വേണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
നോറോ വൈറസിനെതിരെ ജാഗ്രത പാലിക്കണം. ഭക്ഷണ ശുചിത്വവും വ്യക്തി ശുചിത്വവും എല്ലാവരും പാലിക്കണം. വെസ്റ്റ്‌നൈൽ, മലേറിയ, ഹെപ്പറ്റൈറ്റിസ് എ എന്നിവയ്‌ക്കെതിരേയും ജാഗ്രത പാലിക്കണം. വാർഡുതല സാനിറ്ററി കമ്മിറ്റി ശക്തിപ്പെടുത്തി പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം നൽകി. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. എവിടെയെങ്കിലും പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്താൽ ജില്ലകൾ അടിയന്തര ഇടപെടലുകൾ നടത്തണം. പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്ക്കരണവും ശക്തമാക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. ഭക്ഷണം പാകം ചെയ്യുന്നതിന് ശുദ്ധമായ ജലം ഉപയോഗിക്കണം. വയറിളക്ക രോഗങ്ങളെ കുറിച്ച് എല്ലാവരും ശ്രദ്ധിക്കണം. എന്തെങ്കിലും രോഗ ലക്ഷണമുണ്ടെങ്കിൽ ധാരാളം വെള്ളം കുടിക്കണമെന്നും മന്ത്രി അറിയിച്ചു.
Read Also: സൗദി അറേബ്യയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു: രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ
Post Your Comments