വഡോദര: ഗുജറാത്തിലെ ആദ്യത്തെ സോളോഗാമി ആയ ക്ഷമ ബിന്ദു സ്വയം വിവാഹിതയായി. വിവാഹിതയായതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇരുപത്തിനാലുകാരി പ്രതികരിച്ചു. ജൂൺ 11 നായിരുന്നു യുവതി സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ചിലർ എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് വിവാഹം നേരത്തെ നടത്താൻ തീരുമാനിച്ചത്. പരമ്പരാഗത ആചാരപ്രകാരങ്ങളോടെയാണ് വിവാഹം കഴിഞ്ഞത്. ചുവപ്പ് വിവാഹ വസ്ത്രത്തിനൊപ്പം സിന്ദൂരവും മംഗല്യസൂത്രവും വധു ധരിച്ചിട്ടുണ്ട്.
ഗോത്രി ഏരിയയിലെ ക്ഷമയുടെ വീട്ടിൽവച്ചായിരുന്നു വിവാഹം നടന്നത്. ജീവിതകാലം മുഴുവൻ സ്വയം പിന്തുണയ്ക്കുമെന്നും കൂടെ നിൽക്കുമെന്നും യുവതി സ്വയം വാഗ്ദാനം നൽകി. വരനും പുരോഹിതനും ഒഴികെ ബാക്കിയെല്ലാം മറ്റ് വിവാഹങ്ങളെ പോലെയായിരുന്നു നടന്നത്. മറ്റ് പെൺകുട്ടികളെ പോലെ തനിക്ക് വിവാഹശേഷം സ്വന്തം വീട് വിട്ട് പോകേണ്ടതായി വരുന്നില്ലെന്നും യുവതി പറയുന്നു. ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താൻ കഴിയാത്തെ വന്നതിൽ നിരാശയുണ്ടെന്നും ക്ഷമ പറയുന്നു. വിവാഹത്തിന് ശേഷം ക്ഷമ വീഡിയോ സന്ദേശത്തിലൂടെ എല്ലാവരോടും നന്ദി അറിയിച്ചു.
Also Read:മലബാർ ഗോൾഡ്: ഇന്ത്യയിൽ 9,860 കോടി രൂപയുടെ നിക്ഷേപം നടത്തും
‘ഞാൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എനിക്ക് വധുവാകാൻ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ ഞാൻ എന്നെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. രാജ്യത്ത് ഏതെങ്കിലും സ്ത്രീ സ്വയം വിവാഹിതയായിട്ടുണ്ടോ എന്നറിയാൻ മാധ്യമങ്ങളിൽ അന്വേഷിച്ചെങ്കിലും അത്തരമൊരു വാർത്ത കണ്ടെത്താനായിട്ടില്ല. ഒരുപക്ഷേ നമ്മുടെ രാജ്യത്ത് ആത്മസ്നേഹത്തിന്റെ ആദ്യ മാതൃക ഞാനായിരിക്കും. സ്വയം വിവാഹം എന്നത് തന്നോട് തന്നെ നിരുപാധികമായ സ്നേഹമാണ്. സ്വയം അംഗീകരിക്കാനുള്ള മനസ്സാണ്. ആളുകൾ അവർ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാൻ സ്നേഹിക്കുന്നത് എന്നെയാണ്. ഹണിമൂൺ യാത്ര ഗോവയിലേക്കാണ് പോകാൻ തീരുമാനിച്ചിരിക്കുന്നത്’, ക്ഷമ പറയുന്നു.
Post Your Comments